പുത്തൻപീടികയിലെ വാഹനാപകടം; രക്ഷാകരം നീട്ടി ഓടിയെത്തി നാട്ടുകാർ
text_fieldsപരപ്പനങ്ങാടി പുത്തൻപീടികയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ തകർന്ന ലോറി
പരപ്പനങ്ങാടി: വ്യാഴാഴ്ച പുലർച്ചെ ചരക്ക് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയത് നാട്ടുകാർ.
വ്യാഴാഴ്ച പുലർച്ചെ രണ്ടിനാണ് പരപ്പനങ്ങാടി പുത്തൻപീടികയിൽ നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്. അപകട്ടിൽ ലോറി ഡ്രൈവർ മരിക്കുകയും ചെയ്തു. സംഭവം നടന്ന ഉടൻ ഓടിയെത്തിയ നാട്ടുകാരാണ് അപകട്ടിൽപെട്ടവർക്ക് രക്ഷാകരം ആദ്യം നീട്ടിയത്. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയും ഓട്ടോ ഡ്രൈവറുമായ പി. അജീഷ് രാത്രി ഓട്ടോ സർവിസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടം കാണുന്നത്. തുടർന്ന് പരപ്പനങ്ങാടിയിൽ രാത്രികാല സർവിസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാരും ഇതുവഴി ഓടിയ വാഹന ഡ്രൈവർമാരും സ്ത്രീകളടക്കമുള്ള നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമായി. ഇതിനിടെ പരപ്പനങ്ങാടി പൊലീസും താനൂരിൽനിന്ന് അഗ്നി ശമന സേനാ അംഗങ്ങളും പ്രദേശത്ത് കുതിച്ചെത്തി.
ലോറിയുടെ മുൻ ഭാഗം വെട്ടിപൊളിച്ച് ഡ്രൈവർ അരുൺ കുമാറി നെ പുറത്തെടുത്തെങ്കിലും ഓട്ടോ ഡ്രൈവർ അജീഷിന്റെ കൈയിൽ കിടന്ന് അന്ത്യശ്വാസം വലിച്ചു. പരിക്കേറ്റ ലോറി ഡ്രൈവർ എം. ടിജോ ജോർജിനെയും ക്ലീനറെയും നാട്ടുകാർ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശവാസിയായ ബഷീർ മാളിയേക്കൽ, ഓട്ടോഡ്രൈവർ സലീം, ബാബു തുടങ്ങിയവരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. ലോറി ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിനിടയായിതെന്നാണ് പ്രാഥമിക നിഗമനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.