ഇന്ന് അന്താരാഷ്ട്ര പൊതുസേവന ദിനം; രാജീവ് ഗാന്ധി കൾചറൽ ഫൗണ്ടേഷൻ സേവന രംഗത്ത് നിസ്തുല മാതൃക
text_fieldsരാജീവ് ഗാന്ധി കൾചറൽ ഫൗണ്ടേഷൻ പ്രവർത്തക സമിതിയുടെ സേവന ചർച്ച
പരപ്പനങ്ങാടി: വിദ്യാഭ്യാസത്തിലൂടെ അഭിമാന വിപ്ലവം എന്ന സന്ദേശമുയർത്തി 18 വർഷം മുമ്പ് പരപ്പനങ്ങാടിയിൽ പിറവി കൊണ്ട രാജീവ് ഗാന്ധി കൾചറൽ ഫൗണ്ടേഷൻ സേവനരംഗത്ത് വേറിട്ട ശൈലി കൊണ്ട് ചരിത്രം തിരുത്തി എഴുതി. അന്നദാനത്തിന് പകരം അക്ഷരവെളിച്ചം എന്ന ആദ്യ അജണ്ട ഇതിനകം വിജയം കണ്ടു.
പഠനത്തിൽ താൽപര്യമുള്ളവരും ഉയരങ്ങൾ സ്വപ്നം കാണുകയും ചെയ്യുന്ന നിർധന കുട്ടികളുടെ ഗ്രേഡും മാർക്കും പരിഗണിക്കാതെ അധ്യാപകരെ സമീപിച്ച് വിദ്യാർഥികളെ തെരഞ്ഞെടുത്തു. തുടർന്ന് അവരുടെ സ്വപ്നത്തിൽ പോലും ഏറെ വിദൂരസാധ്യത മാത്രമുള്ള പതിനായിരങ്ങൾ ചെലവുവരുന്നതും ദിവസങ്ങൾ നീണ്ടുനിൽക്കുന്നതുമായ സാഹസിക സ്റ്റഡി ടൂറുകൾ വർഷംതോറും തുടർച്ചയായി തരപ്പെടുത്തി കൊടുത്തു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യ ഇംഗ്ലീഷ് കോഴ്സ് നൽകി. വിദ്യാർഥികളുടെ അഭിരുചി മനസ്സിലാക്കി രക്ഷിതാക്കൾക്ക് പ്രത്യേക പഠനശിബിരം നടത്തി.
തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളിൽനിന്ന് ഡോക്ടർമാരും എൻജിനീയർമാരും അഭിഭാഷകരും അധ്യാപകരും പുറത്തിറങ്ങിയതോടെ അവരെ ചേർത്തുനിറുത്തി അടുത്ത തലമുറക്ക് ദിശാബോധമേകാൻ ലൈഫ് പ്ലസ് കരിക്കുലം തയാറാക്കി. തെരഞെടുക്കപ്പെട്ട കുട്ടികളെ ഉൾപ്പെടുത്തി ജെ.സി.ഐ, ജൂനിയർ ജെ.സി.ഐ യൂനിറ്റുകൾക് രൂപം നൽകി. തീരം ശുചീകരിക്കാനും ലഹരി വ്യാപനത്തിനെതിരെ സംഘടിക്കാനും വിദ്യാർഥികളെ പ്രാപ്തമാക്കി.
സോഷ്യൽ മീഡിയയിൽ ഒതുങ്ങിയ പുതിയ തലമുറയെ നാടറിയുന്നവരാക്കി മാറ്റിയതിൽ രാജീവ് ഗാന്ധി കൾചറൽ ഫൗണ്ടേഷൻ പരക്കെ പ്രശംസിക്കപ്പെട്ടു. ലഹരിക്കെതിരെ ജനകീയ മനുഷ്യച്ചങ്ങലയും തെരുവ് നാടകങ്ങളും സംഘടിപ്പിച്ചു. ബിവറേജസ് ഔട്ട് ലെറ്റ് മാറ്റുന്നതിൽ സർവകക്ഷി സമരത്തിന് നേതൃത്വം നൽകി. വായനയെ സംരക്ഷിക്കാൻ വിദ്യാലയങ്ങളിൽ ഡിജിറ്റൽ ലൈബ്രറികളും മാധ്യമം വായന വെളിച്ചം പദ്ധതിയും വ്യപകമായി നടപ്പാക്കി. കുറ്റിപ്പുറത്തെ അതിജീവന കേന്ദ്രമായ ‘ഇല’യിൽ നിന്ന് പാഠമുൾക്കൊണ്ട് മോഡേൺ വില്ലേജിന് ശിലയിട്ടു.
മുൻ രാഷ്ട്രതി പ്രതിഭ പാട്ടീലിൽനിന്ന് പഴശി രാജകീയ പുരസ്കാരമേറ്റുവാങ്ങിയ മുൻ സിഡ്കോ ചെയർമാർ നിയാസ് പുളിക്കലത്ത് ചെയർമാനും ഫിഷറീസ് മുൻ ജില്ല ഓഫിസർ പഞ്ചാരയിൽ അഹമ്മദ് കുട്ടി ചീഫ് ഓർഗനൈസറുമായാണ് ഫൗണ്ടേഷൻ മുന്നോട്ടുപോകുന്നത്. സാമൂഹ്യ സേവനത്തോടൊപ്പം പ്രവർത്തകരുടെയും സേവന വളന്റിയർമാരായ വിദ്യാർഥികളുടെയും സാമ്പത്തിക ശാക്തീകരണത്തിന് പദ്ധതി ആവിഷ്കരിക്കുമെന്ന് രാജീവ് ഗാന്ധി കൾചറൽ ഫൗണ്ടേഷൻ ഉപാധ്യക്ഷൻ അധികാരത്തിൽ ജയപ്രകാശ് ‘മാധ്യമ’ത്തോട് പറഞ്ഞു.
കിടപ്പ് രോഗികളെ പതിറ്റാണ്ടിലേറെയായി സമാനതകളില്ലാത്ത വിധം സേവന പരിചരണം നൽകിവരുന്ന അഭയം പാലിയേറ്റിവ്, ജീവകാരുണ്യ രംഗത്ത് ഏറെ സേവനങ്ങൾ നൽകി വരുന്ന ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ, അബ്റാർ റിലീഫ് കമ്മിറ്റി, വ്യവസായ പ്രമുഖൻ കബീർ മച്ചഞ്ചേരി നേതൃത്വം നൽകി വരുന്ന പരപ്പനങ്ങാടിയിലെ ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ ഏകീകൃത വേദിയായ ടീം പരപ്പനങ്ങാടി, ബി ടീം പാലത്തിങ്ങൽ, ട്രോമോ കെയർ സേവന വളന്റിയർ ടീം, നഹാസ് ചാരിറ്റി തുടങ്ങി വേറെയും കൂട്ടായ്മകൾ പൊതുസേവന രംഗത്ത് സജീവമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.