കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും കഞ്ചാവ് കേസിൽ പ്രതി
text_fieldsപരപ്പനങ്ങാടി: കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും കഞ്ചാവ് കേസിൽ പ്രതിയായി. ചേളാരിയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കോഴിക്കോട് പൊറ്റമ്മൽ സ്വദേശി ഷബീറിനെതിരെയാണ് (40) എക്സൈസ് വകുപ്പ് കേസെടുത്തത്. ചേളാരിയിൽ ടർഫിന് സമീപം ഇയാൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ 21.130 കിലോഗ്രാം കഞ്ചാവ് പിടികൂടി. പ്രതി സ്ഥലത്തില്ലായിരുന്നു. വിപണിയിൽ ഇതിന് പത്തുലക്ഷം രൂപ വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
2023ൽ സമാനമായ കേസിൽ പരപ്പനങ്ങാടി എക്സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതാണ്. നിരവധി ദിവസങ്ങളായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ജില്ലയിൽ ചില്ലറ വിൽപനക്കാർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നവരിൽ പ്രധാനിയാണ് ഇയാളെന്ന് പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ.ടി. ഷനൂജ് പറഞ്ഞു.
അസി. എക്സൈസ് ഇൻസ്പെക്ടർ കെ. പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ നിതിൻ ചോമാരി, പി. അരുൺ, ജിഷ്ണദ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ സിന്ധു പട്ടേരിവീട്ടിൽ, ടി.വി. അനശ്വര എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.