മേൽപാലത്തിൽ ആംബുലൻസ് കുരുങ്ങുന്നത് തുടർക്കഥയാവുന്നു
text_fieldsപെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ മേൽപാലത്തിൽ ആംബുലൻസ് കുരുക്കിൽ പെടുന്നത് പതിവാകുന്നു. അരമണിക്കൂറിനിടെ ഒന്നെന്ന നിലയിൽ മേൽപാലം വഴി ആംബുലൻസ് പെരിന്തൽമണ്ണയിലെ പ്രധാന ആശുപത്രികളിലേക്കും ആശുപത്രികളിൽ നിന്ന് കോഴിക്കോട്ടേക്കും ചീറിപ്പായുന്നുണ്ട്. പെരിന്തൽമണ്ണയിലെ പ്രധാന ആശുപത്രിയിൽനിന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് ബുധനാഴ്ച വൈകീട്ട് 6.45ന് പുറെപ്പട്ട ആംബുലൻസ് ഇത്തരത്തിൽ കുരുക്കിൽപെട്ടു.
അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുമായാണ് ആംബുലൻസ് പുറപ്പെട്ടത്. എമർജൻസി ഷിഫ്റ്റിങ് ഗ്രൂപ്പിന്റെയും പൊലീസുകാരുടെയും ആംബുലൻസ് ഡ്രൈവർമാരുടെയും സഹകണത്തോടെയാണ് കുഞ്ഞിനെ സുരക്ഷിതമായി കോഴിക്കോട്ടെ ആശുപത്രിയിൽ എത്തിച്ചത്. അഞ്ചുമിനിറ്റോളം കുരുക്കിൽകിടന്നു. സമാന സംഭവം ഇടക്ക് ഉണ്ടാവാറുണ്ട്. വൈകീട്ട് അഞ്ചു മുതൽ ഏഴുവരെ അങ്ങാടിപ്പുറം മേൽപാലത്തിൽ അഴിയാ കുരുക്കാണ്.
ആശുപത്രി നഗരത്തിൽ രോഗികളുമായി വരാനും പോവാനും അങ്ങാടിപ്പുറം വഴിമാത്രമാണ് കഴിയുക. വാഹനത്തിരക്കുണ്ടെങ്കിലും കുരുക്കില്ലാതിരുന്നാൽ മതിയെന്നാണ് ആംബുലൻസ് ഡ്രൈവർമാർ പറയുന്നത്. ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടംപാലം മുതൽ പെരിന്തൽമണ്ണ മാനത്തുമംഗലം വരെ 4.4 കി.മീ നീളത്തിൽ ബൈപ്പാസ് പദ്ധതി 2010 ൽ സർക്കാർ അംഗീകരിച്ചതാണെങ്കിലും ഫണ്ടനുവദിക്കാത്തതിനാലും ജനപ്രതിനിധികൾ താൽപര്യമെടുക്കാത്തതിനാലും ഫയലിലുറങ്ങുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.