കുളിർമല വാർഡിൽ സ്വതന്ത്രനായി ഡോ. നിലാർ മുഹമ്മദ്
text_fieldsപെരിന്തൽമണ്ണ നഗരസഭ വാർഡ് ആറ് കുളിർമലയിൽ ജീവകാരുണ്യ പ്രവർത്തകൻ ഡോ. നിലാർ മുഹമ്മദ് നാമനിർദേശ പത്രിക നൽകുന്നു
പെരിന്തൽമണ്ണ: നഗരസഭയിൽ അവസാന ദിവസം വാർഡ് ആറ് കുളിർമലയിൽ ഇരു മുന്നണികൾക്കും പുറമെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തകൻ ഡോ. നിലാർ മുഹമ്മദ് കൂടി പത്രിക നൽകി. മുസ്‍ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി നാലകത്ത് ബഷീറാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി. സമ്പൂർണ സ്വതന്ത്രനായാണ് മൽസരിക്കുന്നതെന്നും ആരുടെ പിന്തുണയും സ്വീകരിക്കുമെന്നും ഡോ. നിലാർ മുഹമ്മദ് പത്രിക സമർപ്പിച്ച ശേഷം അറിയിച്ചു.
പെരിന്തൽമണ്ണയിൽ ഡോക്ടർ എന്നതിലുപരി പാലിയേറ്റിവ് മേഖലയിലും മറ്റു സാമൂഹിക മേഖലയിലും പ്രവർത്തിക്കുന്നയാളാണ്. ഐ.എം.എയുടെ അംഗം കൂടിയാണ്. ഐ.എം.എയുടെ പിന്തുണകൂടി അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. പെരിന്തൽമണ്ണയിൽ ആരോഗ്യമേഖലയിൽ ചെയ്യാവുന്ന ഒട്ടേറെ സ്വപ്നങ്ങളുണ്ടെന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാൽ അതിനുകൂടി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താൻ രാഷ്ട്രീയക്കാരനല്ലെന്നും ഏത് മുന്നണി പിന്തുണക്കുന്നുവോ അവരുടെ കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പല കാര്യങ്ങൾക്കായി വാർഡിലെ ബഹുഭൂരിപക്ഷം വീടുകളിലും കയറി ഇറങ്ങിയിട്ടുണ്ടെന്നും അവരുടെ പിന്തുണകൂടി ഉറപ്പാക്കിയാണ് പത്രിക നൽകിയത് എന്നും അതാണ് അവസാന ദിവസത്തേക്ക് നീണ്ടത് എന്നും ഡോ. നിലാർ മുഹമ്മദ് പറയുന്നു.
ഇവിടെ നിലവിൽ ഇടതു മുന്നണിക്ക് സ്ഥാനാർഥിയുണ്ട്. മുൻവർഷം ഇത് വനിത സംവരണ വാർഡ് ആയ ഘട്ടത്തിൽ സ്ഥാനാർഥി നിർണയം തർക്കത്തിൽ എത്തുകയും അവകാശവാദം ഉന്നയിച്ച രണ്ട് വനിതകൾക്കും സ്വതന്ത്രമായി മത്സരിക്കാൻ ലീഗ് അനുമതി നൽകുകയും ചെയ്ത അപൂർവതയും ഇവിടെ ഉണ്ടായിരുന്നു. അന്ന് എൽ.ഡി.എഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്ത് ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

