‘കോട്ടയം മെഡിക്കൽ കോളജ് ദുരന്തം ആവർത്തിക്കരുത്’ മന്ത്രിയോട് കെട്ടിടാവസ്ഥ ചൂണ്ടിക്കാട്ടി എം.എൽ.എ
text_fieldsപെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പൊളിക്കാൻ നിശ്ചയിച്ചിട്ടും അനുമതിയാവാത്ത
പുരുഷൻമാരെ കിടത്തുന്ന പഴയ വാർഡുള്ള കെട്ടിടം
പെരിന്തൽമണ്ണ: കോട്ടയം മെഡിക്കൽ കോളജിലുണ്ടായ ദുരന്തം ആവർത്തിക്കാൻ ഇടയാക്കരുതെന്ന് ആരോഗ്യമന്ത്രി വീണ ജോർജിനെ ഉണർത്തി നജീബ് കാന്തപുരം എം.എൽ.എ. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ കാലപ്പഴക്കം കാരണം ദ്രവിച്ച മൂന്നുകെട്ടിടങ്ങൾ ചൂണ്ടിക്കാട്ടിയാണ് എം.എൽ.എ മന്ത്രിയോട് ഇക്കാര്യം പറഞ്ഞത്. ഇവ ലേലം ചെയ്ത് പൊളിക്കാൻ സാങ്കേതിക തടസ്സങ്ങളാണ്. ഓടുമേഞ്ഞ പഴയ മെയിൽ വാർഡ് പൊളിക്കാൻ നാലുവർഷം മുമ്പ് തീരുമാനിച്ച് വിലയിട്ടതാണ്.
വില അൽപം കൂടിപ്പോയി. മൂന്നുവട്ടം ടെൻഡർ നടത്തി. 2.85 ലക്ഷത്തോളം വാല്വുവേഷൻ തുക കണക്കാക്കിയ കെട്ടിടത്തിന് കരാറുകാർ വില കണ്ടത് 82,000 രൂപ. ഈ ഫയൽ ഡി.എം.ഒ ഓഫിസിലും തുടർന്ന് ആരോഗ്യ ഡയറക്ടറേറ്റിലും അവിടെ നിന്ന് സർക്കാറിലേക്കും കറങ്ങി നടക്കുന്നു. വിഷയം താനറിഞ്ഞിട്ടില്ലെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. പഴയ കെട്ടിടം പൊളിക്കാൻ മന്ത്രി ഇടപെടണമെന്നും കോട്ടയം മെഡിക്കൽ കോളജിലെ ദുരന്തം ആവർത്തിക്കാൻ ഇടവരുത്തരുതെന്നും എം.എൽ.എ ഓർമപ്പെടുത്തി.
പരിഹാരങ്ങളുണ്ടെങ്കിലും അവ തട്ടിത്തടയുന്നത് സാങ്കേതികതയിലാണെന്നും അദ്ദേഹം പറഞ്ഞു. അകത്ത് രോഗികളെ കിടത്തുന്നത് നിർത്തിയിട്ടുണ്ട്. എന്നാൽ രാത്രി മിക്കപ്പോഴും കൂട്ടിരിപ്പുകാർ ഇതിന്റെ വരാന്തയിൽ കിടക്കാറുണ്ട്. പ്രളയ കാലത്തേതിന് സമാനമായ കാലവർഷം ശക്തിപ്പെട്ട സമയത്ത് അടിയന്തരമായി മറ്റൊരു കെട്ടിടത്തിലെ അത്യാഹിത വിഭാഗം മൂന്നാഴ്ച മുമ്പ് ഇവിടെ മാറ്റിയിരുന്നു.
ഫിറ്റ്നസില്ലാത്ത കെട്ടിടം പ്രവർത്തിപ്പിക്കാൻ പാടില്ലെന്ന് മന്ത്രി മറുപടി നൽകി. കെട്ടിടം പരിശോധിച്ച് എൻജിനീയർ എസ്റ്റിമേറ്റിട്ടത് ഉയർന്ന തുകക്കാണ്. ശേഷം മൂന്നുതവണ ടെൻഡർ വിളിച്ചു. ഇവിടെ തന്നെ ക്വട്ടേഷനുമായി മുന്നോട്ട് പോവാമായിരുന്നു. ഫയൽ ഇപ്പോൾ ഡി.എച്ച്.എസ് സർക്കാറിലേക്ക് അയച്ചിരിക്കുകയാണെന്നും വിഷയം താനറിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇത്തരത്തിൽ 670 ഓളം കെട്ടിടങ്ങൾ ഉണ്ടെന്ന് ആരോഗ്യ ഡയറക്ടർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.