ജില്ല ആശുപത്രിയായിട്ട് 11 വർഷം, വേണ്ടത് കൂടുതൽ നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാർ
text_fieldsപെരിന്തൽമണ്ണ ജില്ല ആശുപത്രി
പെരിന്തൽമണ്ണ: കാലപ്പഴക്കം ചെന്ന അത്യാഹിത വിഭാഗവും ഒ.പി കൗണ്ടറും അശാസ്ത്രീയമായ കെട്ടിടങ്ങളുമാണെങ്കിലും മികച്ച സേവനം നൽകാൻ ശേഷിയുള്ള ഡോക്ടർമാരും ജീവനക്കാരുമുണ്ട് പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ. എന്നാൽ, ആ സേവനം പൂർണാർഥത്തിൽ ജനങ്ങൾക്ക് ലഭിക്കാൻ ഇനിയും ജീവനക്കാരും തസ്തികകളും വേണം.
176 കിടക്കകളാണ് ഇവിടെ പതിറ്റാണ്ടുകളായുള്ളത്. ജീവനക്കാരുടെ കുറവിൽ 110 കിടക്കകളേ ഉപയോഗിക്കുന്നുള്ളു. ചില ഘട്ടങ്ങളിൽ കിടത്തി ചികിത്സിച്ചിരുന്നത് 250 പേരെ വരെയാണ്. 2014ൽ ജില്ല ആശുപത്രിയാക്കി ഉയർത്തിയ ശേഷം ആനുപാതികമായി പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടില്ല.
അനുവദിക്കപ്പെട്ടത് സൂപ്രണ്ട് അടക്കം 31 ഡോക്ടമാർ, 26 സ്റ്റാഫ് നഴ്സ്, എട്ട് ഹെഡ് നഴ്സ്, ഒരു നഴ്സിങ് സൂപ്രണ്ട്, അഞ്ച് ലാബ് ടെക്നീഷ്യൻ, ഏഴ് ഫാർമസിസ്റ്റ്, ഒരു സ്റ്റോർ കീപ്പർ എന്നിങ്ങനെയാണ്. പൊലീസ് സർജന്റെ സേവനം പലപ്പോഴും ആവശ്യമായി വരുന്നുണ്ടെങ്കിലും തസ്തികയില്ല. ജില്ല ആശുപത്രിയായിട്ടും ഫാർമസി 24 മണിക്കൂർ പ്രവർത്തിക്കുന്നില്ലെന്ന പരാതി ആരോഗ്യമന്ത്രി 2023 ഒക്ടോബർ 20ന് നടത്തിയ സന്ദർശനത്തോടെയാണ് പരിഹരിച്ചത്.
ഫാർമസിയിൽ ഇപ്പോൾ ആറു സ്ഥിരം ജീവനക്കാരും രണ്ടു താൽക്കാലികക്കാരുമാണ്. അതിൽ തന്നെ രണ്ടു പേരുടെ കുറവുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗമുള്ളതിനാൽ ഫാർമസിയിൽ നാലോ അഞ്ചോ പേർ ഇനിയും വേണം. പ്രധാന വികസനങ്ങളും പ്രവർത്തനങ്ങളും ജില്ല പഞ്ചായത്ത് അനുവദിക്കുന്ന ഫണ്ട് വിനിയോഗിച്ചാണ്.
ജില്ലയിൽ മൂന്നു ജില്ല ആശുപത്രികൾ ഉള്ളതിനാൽ മറ്റു ജില്ലകളിലെ ജില്ല ആശുപത്രികളെ അപേക്ഷിച്ച് മൂന്നിലൊരു ഭാഗം ഫണ്ടേ ലഭിക്കൂ.
താലൂക്ക് ആശുപത്രിയായിരുന്ന ഘട്ടത്തിലെ സ്റ്റാഫ് പാറ്റേൺ, കിടക്കകളുടെ എണ്ണം എന്നിവ കൂട്ടുകയും സ്റ്റാഫ് നഴ്സുമാരുടെ തസ്തിക 26ൽ നിന്ന് 45 ആക്കുകയും വേണം. ഡയാലിസിസ് യൂനിറ്റിലേക്ക് മുഴുവൻ ജീവനക്കാരെയും തസ്തിക സൃഷ്ടിച്ച് നിയമിക്കണം. നിസ്സാര കാരണങ്ങൾക്ക് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നുവെന്ന പരാതി ഇല്ലാതാക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.