ഫ്രറ്റേണിറ്റി മാർച്ചിന് നേരെ പൊലീസ് ലാത്തിവീശി; 20 പേർക്ക് പരിക്ക്
text_fieldsജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ വർധന ആവശ്യപ്പെട്ട്
ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച്
മലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിന് നേരെ പൊലീസ് ലാത്തി വീശി. മഞ്ചേരി, പെരിന്തൽമണ്ണ, കോട്ടപ്പടി റോഡുകളിൽനിന്ന് കാൽനടയായി എത്താനായിരുന്നു പദ്ധതി. കോട്ടപ്പടിയിലെ പ്രവർത്തകരെ താലൂക്ക് ആശുപത്രിക്ക് മുന്നിൽ തടഞ്ഞു. കലക്ടറേറ്റിന് മുന്നിൽ മറ്റ് പ്രവർത്തകരെയും തടഞ്ഞു. പൊലീസ് ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ ലാത്തി വീശി. ഇരുപതോളം പേർക്ക് പരിക്കേറ്റു. നാലുപേർ ഗുരുതരാവസ്ഥയിലാണ്.
ജില്ല ജനറൽ കൗൺസിൽ അംഗം മുഹ്സിൻ താനൂർ, താനൂർ മണ്ഡലം കമ്മിറ്റി അംഗം ത്വയ്യിബ് ആമപ്പാറക്കൽ, ജില്ല സെക്രട്ടറി കെ. ഹാദി ഹസൻ, വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി കെ.ടി. സജ എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. മുഹ്സിൻ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലും ത്വയ്യിബ്, ഹാദി ഹസൻ എന്നിവർ മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലും സജ മലപ്പുറം സഹകരണ ആശുപത്രിയിലുമാണ്. മറ്റ് പ്രവർത്തകർ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ജില്ല പ്രസിഡൻറ് ഡോ. എ.കെ. സഫീർ, ജില്ല വൈസ് പ്രസിഡൻറ് സി.പി. ഷരീഫ്, സൽമാൻ താനൂർ, ജില്ല സെക്രട്ടറിമാരായ ഹാദി ഹസൻ, മുഹമ്മദ് പൊന്നാനി, സാബിഖ് വെട്ടം, കെ.കെ. ഇൻസാഫ് ഉൾപ്പെടെ 17 പേരെ അറസ്റ്റ് ചെയ്തു. സമരം കഴിഞ്ഞ് പോയ വനിത പ്രവർത്തകർ അടക്കമുള്ളവരെ പൊലീസ് പിന്തുടർന്ന് മർദിച്ചതായി നേതാക്കൾ കുറ്റപ്പെടുത്തി.
കെ.എസ്.യു ജില്ല സെക്രട്ടറി അൻഷിദ് മഞ്ചേരി, എം.എസ്.എഫ് ജില്ല സെക്രട്ടറി കബീർ മുതുപറമ്പ്, െവൽെഫയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാേലരി, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ബാസിത് താനൂർ, കാമ്പസ് ഫ്രണ്ട് ജില്ല പ്രസിഡൻറ് അർഷഖ് എന്നിവർ പരിക്കേറ്റവരെ സന്ദർശിച്ചു. ജില്ലയിൽ പ്ലസ് വൺ ഉപരിപഠനത്തിന് 30,000 സീറ്റുകൾ നേടിയെടുത്താൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നും വരും ദിവസങ്ങളിൽ മന്ത്രിമാരെ ഉൾപ്പെടെ റോഡിൽ തടയുമെന്നും ഫ്രേറ്റണിറ്റി നേതാക്കൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.