പൊന്നാനി നഗരസഭയിൽ തെരുവുനായ് ശല്യം നിയന്ത്രിക്കാൻ പദ്ധതി
text_fieldsപൊന്നാനിയിൽ തെരുവുനായ് നിയന്ത്രണം നടപ്പാകാത്തതിനെക്കുറിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്ത
പൊന്നാനി: നാൾക്കുനാൾ വർധിക്കുന്ന തെരുവുനായ്ക്കളുടെ ആക്രമണവും പെറ്റുപെരുകിവരുന്ന നായ്ക്കളുടെ എണ്ണവും കണക്കിലെടുത്ത് തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ പൊന്നാനി നഗരസഭയിൽ നഗരസഭയുടെയും മൃഗസംരക്ഷണവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പദ്ധതി നടപ്പാക്കും. തെരുവുനായ് നിയന്ത്രണം നടപ്പാകാത്തത് ‘മാധ്യമം’ വാർത്തയാക്കിയിരുന്നു. ഇതേത്തുടർന്നാണ് നടപടി. പേവിഷബാധ തടയാൻ ആന്റി റാബീസ് വാക്സിനേഷൻ, തെരുവുനായ്ക്കളുടെ ജനന നിയന്ത്രണത്തിന് നായ്ക്കളെ പിടിച്ച് വന്ധ്യംകരണം നടത്താനുള്ള എ.ബി സി പ്രോഗ്രാം എന്നിവയാണ് നടപ്പാക്കുക.
പരിപാടിയനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സന്നദ്ധതയും പ്രാവീണ്യവുമുള്ള ഏജൻസികൾ, കുടുംബശ്രീ യൂനിറ്റുകൾ എന്നിവയിൽനിന്ന് താൽപര്യപത്രം ക്ഷണിക്കാനും തുടർ നടപടികൾ ആരംഭിക്കാനും ഈശ്വരമംഗലം ഗവ. വെറ്ററിനറി സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ ഷീജയെ ചുമതലപ്പെടുത്തി.
നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ദിലീപ് കുമാർ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോക്ടർ സുരേഷ്, നഗരസഭ സെകട്ടറി സജി റൂൺ എന്നിവർ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കും. ആഗസ്റ്റിൽ അവസാന വാരത്തിലാണ് പദ്ധതി നടപ്പിക്കുക. ഇതുസംബന്ധിച്ച് നഗരസഭ ചെയർപേഴ്സൻ വിളിച്ചു ചേർത്ത വിവിധ വകുപ്പു മേധാവികൾ, ജനപ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.നഗരസഭ ചെയർപേഴ്സൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർപേഴ്സൻമാരായ ഷീന സുദേശൻ, രജീഷ് ഊപ്പാല, പ്രതിപക്ഷ ലീഡർ ഫർഹാൻ, മറ്റു കൗൺസിലർമാരായ സുധ, ഷാലി, അയിഷ, ആബിദ, അബ്ദുൽ ലത്തീഫ്, അബ്ദുൽ സലാം, ഷാഫി, രഞ്ജിനി, സീനത്ത്, നഗരസഭ സെക്രട്ടറി സജി റൂൺ, സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ ഷീജ, ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.