പൊന്നാനിയിൽ അഞ്ച് വാർഡുകളിൽ വിമതർ വിജയം നിർണയിക്കും
text_fieldsപൊന്നാനി: നഗരസഭയിലെ അഞ്ച് വാർഡുകളിൽ വിധി നിർണയിക്കുക വിമത സ്ഥാനാർഥികൾ. 52ാം വാർഡ് മരക്കടവിലാണ് വിമതരുടെ വോട്ട് ഏറെ നിർണായകമാകുക. ഇടതുമുന്നണി സ്ഥാനാർഥിക്ക് തലവേദന സൃഷ്ടിച്ചാണ് സ്വതന്ത്രർ രംഗത്തുള്ളത്. ഇടതുമുന്നണിയിലെ ധാരണ പ്രകാരം സി.പി.ഐയിലെ എം. സുലൈമാനാണ് സ്ഥാനാർഥി.
സ്വതന്ത്രരായി രംഗത്തുള്ള ഇ.കെ. അഷറഫും ചന്തക്കാരന്റെ കോയയും സി.പി.എം പ്രവർത്തകരാണ്. ഇതിൽ കോയ ബ്രാഞ്ച് സെക്രട്ടറിയാണ്. സി.പി.ഐക്ക് വാർഡ് നൽകിയതിൽ പ്രതിഷേധിച്ച് വാർഡിലെ സി.പി.എം പ്രവർത്തകർക്കിടയിൽ പ്രതിഷേധമുണ്ടായിരുന്നു. ഇതാണ് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മത്സരരംഗത്തുവരാൻ ഇടയാക്കിയത്. സ്വതന്ത്രരുടെ സാന്നിധ്യം തെരഞ്ഞെടുപ്പ് ഫലത്തെ നിർണായകമായി സ്വാധീനിക്കുമെന്ന് ഉറപ്പായതോടെയാണ് ഇടതു കേന്ദ്രങ്ങളിൽ തലവേദന ഉയർന്നിരിക്കുന്നത്.
ഇത്തവണത്തെ വാർഡ് പുനർനിർണയത്തിന്റെ ഭാഗമായി പുതുതായി രൂപവത്കരിക്കപ്പെട്ട വാർഡാണിത്. പഴയ 48, 50 വാർഡുകളിലെ ഭാഗങ്ങൾ ചേർത്താണ് 52ാം വാർഡ് ഉണ്ടാക്കിയത്. 48, 50 വാർഡുകളിൽ കഴിഞ്ഞ തവണ സി.പി.എമ്മാണ് ജയിച്ചത്. സി.പി.ഐയുടെ കൈയിലുണ്ടായിരുന്ന 49ാം വാർഡ് സി.പി.എം ഏറ്റെടുത്തതിന് പകരമായാണ് 52, 53 വാർഡുകൾ സി.പി.ഐക്ക് നൽകിയത്.
സി.പി.ഐ മരക്കടവ് ബ്രാഞ്ച് സെക്രട്ടറിയാണ് ഇടതുമുന്നണി സ്ഥാനാർഥിയായ സുലൈമാൻ. മുസ്‍ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ ജനറൽ സെക്രട്ടറി ഇല്യാസ് മൂസയാണ് യു.ഡി.എഫ് സ്ഥാനാർഥി. തൊട്ടടുത്ത 53ാം വാർഡിലും സി.പി.ഐ സ്ഥാനാർഥിക്ക് തലവേദനയായി സ്വതന്ത്രൻ മത്സരിക്കുന്നുണ്ട്. സി.പി.ഐ നേതാവ് എ.കെ. ജബ്ബാറാണ് ഇവിടെ ഇടതുമുന്നണി സ്ഥാനാർഥി. സ്വതന്ത്രനായി മത്സരിക്കുന്ന റാഫി സി.പി.എം പ്രവർത്തകനാണ്. സ്വതന്ത്രനായി മറ്റൊരു സി.പി.എം പ്രവർത്തകൻ കൂടി പത്രിക സമർപ്പിച്ചിരുന്നെങ്കിലും പിൻവലിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാവായ എച്ച്. കബീറാണ് യു.ഡി.എഫ് സ്ഥാനാർഥി.
12ാം വാർഡ് ഈശ്വരമംഗലത്തും വിമത സ്ഥാനാർഥിയുണ്ട്; വി.വി. ആഷിഖ്. മണികണ്ഠനാണ് സി.പി.എം സ്ഥാനാർഥി. ഡി.വൈ.എഫ്.ഐ അംഗമായിരുന്ന ആഷിഖ് രംഗത്ത് വന്നതോടെ മത്സരം ശക്തമായി. നന്ദകുമാറാണ് കോൺഗ്രസ് സ്ഥാനാർഥി. 42ാം വാർഡിൽ യു.ഡി.എഫിന് തലവേദനയായി വിമത സ്ഥാനാർഥി നൗഷാദും രംഗത്തുണ്ട്. യു.ഡി.എഫ് സ്ഥാനാർഥി മിഥിലാജിന്റെ വോട്ടുകൾ നൗഷാദ് പെട്ടിയിലാക്കുമെന്ന പ്രതീതിയാണുള്ളത്.
ഇടത് മുന്നണി സ്ഥാനാർഥിയായി ഐ.എൻ.എല്ലിലെ ഇസ്മായിൽ പുതുപൊന്നാനിയും മത്സരത്തിനുണ്ട്. വാർഡ് 40 ൽ മുൻ ചെയർപേഴ്സൻ പി. ബീവിയും സി.പി.എമ്മിലെ ബീവി മോളും മത്സരത്തിനുണ്ടെങ്കിലും വെൽഫെയർ പാർട്ടിയുടെ വോട്ടുകൾ വാർഡിൽ നിർണായകമാകും. മാസിദ ഖലീലാണ് 40ാം വാർഡിലെ വെൽഫെയർ പാർട്ടി സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

