Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPookkotturchevron_rightപൂ​ക്കോ​ട്ടൂ​ര്‍...

പൂ​ക്കോ​ട്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: ആധിപത്യം തുടരാന്‍ യു.ഡി.എഫ്; മാറ്റത്തിനായി എല്‍.ഡി.എഫ്

text_fields
bookmark_border
പൂ​ക്കോ​ട്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: ആധിപത്യം തുടരാന്‍ യു.ഡി.എഫ്; മാറ്റത്തിനായി എല്‍.ഡി.എഫ്
cancel

പൂക്കോട്ടൂര്‍: രൂപവത്കൃതമായ കാലം മുതല്‍ തുടരുന്ന ആധിപത്യം അരക്കിട്ടുറപ്പിക്കാനുറച്ച് യു.ഡി.എഫും തടയിടാന്‍ എല്‍.ഡി.എഫും കച്ചകെട്ടിയിറങ്ങിയ പൂക്കോട്ടൂരില്‍ ഇത്തവണ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ആഭ്യന്തര അസ്വാരസ്യങ്ങളേതുമില്ലാതെയാണ് ഇരുമുന്നണികളും ജനവിധി തേടുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 19ല്‍നിന്ന് വാര്‍ഡുകളുടെ എണ്ണം 23 ലേക്ക് ഉയർന്നിട്ടുണ്ട്.

1956ല്‍ രൂപവത്കൃതമായ കാലം മുതല്‍ മുസ്‍ലിം ലീഗിന്റെ ഉറച്ച കോട്ടയാണ് പൂക്കോട്ടൂര്‍. ലീഗിലെ പ്രമുഖ നേതാവായിരുന്ന കാരാട്ട് മുഹമ്മദ് ഹാജിയായിരുന്നു പഞ്ചായത്തിലെ പ്രഥമ പ്രസിഡന്റ്. മൂന്ന് പതിറ്റാണ്ടിലധികം അദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നു. 1995 വരെ മുസ്‍ലിം ലീഗ് ഒറ്റ കക്ഷിയായി മത്സരിച്ചാണ് അധികാരത്തിലെത്തിയത്.

95 മുതല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് യു.ഡി.എഫ് ഭരണസമിതികള്‍ നിലവില്‍ വന്നു. 2020ലും യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമായിരുന്നു പഞ്ചായത്തില്‍. രണ്ട് തവണ നാല് സീറ്റുകള്‍ നേടാനായി എന്നതില്‍ കവിഞ്ഞ് ഇടതുമുന്നണിക്ക് കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ല. നിലവിലെ ഭരണസമിതിയില്‍ സി.പി.എമ്മിന്റെ ഒരംഗം മാത്രമാണ് പ്രതിപക്ഷത്തുള്ളത്.

2020ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നല്‍കിയ മൂന്ന് വാര്‍ഡുകളില്‍ രണ്ടെണ്ണത്തിലും ലീഗ് വിമതര്‍ക്കായിരുന്നു വിജയം. ഇത് കോണ്‍ഗ്രസ് - ലീഗ് വിഭാഗീയത ശക്തിപ്പെടാന്‍ കാരണമായിരുന്നു. ഇടതുമുന്നണിയില്‍ കഴിഞ്ഞ തവണ സി.പി.ഐ മുന്നണി സംവിധാനത്തില്‍നിന്ന് മാറി ഒരു വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തി തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 19 വാര്‍ഡുകളിലും മത്സരിച്ചെങ്കിലും ഒരു വാര്‍ഡില്‍ മാത്രമായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയം.

ധാരണപ്രകാരം 19 വാര്‍ഡുകളില്‍ ലീഗും നാല് വാര്‍ഡുകളില്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്. എല്‍.ഡി.എഫില്‍ ഓരോ സീറ്റുകളില്‍ ജനതദള്‍ (എസ്), ഐ.എന്‍.എല്‍ എന്നീ കക്ഷികളും 21 വാര്‍ഡുകളില്‍ സി.പി.എം സ്ഥാനാര്‍ഥികളും മത്സരിക്കുന്നുണ്ട്. സി.പി.എം സ്ഥാനാര്‍ഥികളില്‍ 11 പേര്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതിനു പുറമെ എട്ട് വാര്‍ഡുകളില്‍ എന്‍.ഡി.എയുടെ ബാനറില്‍ ബി.ജെ.പിയും അഞ്ച് വാര്‍ഡുകളില്‍ എസ്.ഡി.പി.ഐയും മത്സര രംഗത്തുണ്ട്.

യു.ഡി.എഫ് ഭരണസമിതികള്‍ നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപിന്തുണയേറെയാണെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റമാണ് പിന്നിടുന്ന അഞ്ച് വര്‍ഷക്കാലമുണ്ടായത്. ക്ഷേമ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്. വയോജന ക്ഷേമത്തിനായി നടപ്പാക്കിയ സൗഹൃദ പദ്ധതികളും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ബഡ്‌സ് സ്‌കൂളിന് സ്വന്തം കെട്ടിടമൊരുക്കാനായതും ഇതില്‍ എടുത്തുപറയേണ്ടതാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ സി.ടി. നൗഷാദ് പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ നടപ്പാക്കിയ ജനപക്ഷ പദ്ധതികള്‍ പോലും ഫലപ്രദമായി നടപ്പാക്കാന്‍ നിലവിലെ യു.ഡി.എഫ് ഭരണസമിതിക്കായിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ ആരോപിച്ചു. ലൈഫ് ഭവന പദ്ധതി ഇതിന് മികച്ച ഉദാഹരണമാണ്. സാധാരണക്കാര്‍ക്ക് വീട് ലഭ്യമാക്കുന്നതില്‍ ഭരണനേതൃത്വം പരാജയപ്പെട്ടു. പൊതു ശ്മശാനമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞുനില്‍ക്കുകയാണ്.

കാര്‍ഷിക മേഖല ശക്തിപ്പെടുത്തുന്നതിനു പകരം വയലുകള്‍ നികത്തുന്നതിലായിരുന്നു ശ്രദ്ധ. സര്‍വമേഖലയിലും തുടര്‍ന്ന അഴിമതിയില്‍ ജനങ്ങള്‍ അതൃപ്തരാണ്. വോട്ടര്‍മാര്‍ മാറ്റമാഗ്രഹിക്കുന്ന വേളയില്‍ ഇടതുപക്ഷ ബദല്‍ അധികാരത്തില്‍ വരുമെന്നും സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികൾ അനുകൂല ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pookottur panchayathMalappuram NewsKerala Local Body Election
News Summary - Pookottur Panchayat local body election
Next Story