പാലൂർ കനാൽ ഭാഗത്ത് അപകടഭീഷണിയായി റോഡരികിലെ ചീനിമരങ്ങൾ
text_fieldsപാലൂർ കനാൽ റോഡിൽ അപകട ഭീഷണിയായ ചീനിമരങ്ങൾ
പുലാമന്തോൾ: പ്രദേശവാസികളുടെ മുന്നറിയിപ്പുകൾ അവഗണിച്ച് റോഡരികിൽ അപകടഭീഷണിയായി വൻമരങ്ങൾ. പുലാമന്തോൾ-കൊളത്തൂർ റൂട്ടിൽ പാലൂർ കനാൽ ഭാഗത്താണ് പ്രദേശവാസികളുടെ തലക്കുമീതെ മരങ്ങൾ അപകട ഭീഷണിയായി നിൽക്കുന്നത്. പാലൂർ അങ്ങാടിയിൽനിന്ന് വടക്കൻ പാലൂർ-ചീനിച്ചോട്-കിഴക്കേക്കര ഭാഗങ്ങളിലേക്കുള്ള നിരവധി വൈദ്യുതി ലൈനുൾ പോവുന്നത് ഈ മരങ്ങൾക്ക് താഴെയാണ്. കൂടാതെ വൈദ്യുതി തൂണിലും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. കൊളത്തൂർ-പുലാമന്തോൾ റോഡിലൂടെ പോവുന്ന വൈദ്യുതി ലൈനുകൾ ഇതിനോടനുബന്ധമായാണ് സ്ഥിതിചെയ്യുന്നത്.
കനാൽ വക്കിൽ സ്ഥിതിചെയ്യുന്ന മരങ്ങൾക്ക് താഴെ മണ്ണിടിഞ്ഞത് കാരണം വേരുകളുൾപ്പെടെയുള്ള മരത്തിന്റെ അടിവശം വെളിയിൽ കാണുന്ന വിധമാണുള്ളത്. ഈ അവസ്ഥയിലുള്ള വൻമരങ്ങൾ പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. പുലാമന്തോൾ ഗ്രാമപഞ്ചായത്ത്, ചെറുകിട ജലസേചന പദ്ധതി, പെരിന്തൽമണ്ണ തഹസിൽദാർ എന്നിവർക്കൊക്കെ അപകട ഭീഷണിയായ മരം വെട്ടിമാറ്റി ജനങ്ങളുടെ ഭീതിയകറ്റണമെന്ന് ആവശ്യപ്പെട്ട് പല തവണ പരാതി നൽകിയെങ്കിലും ആരും പരിഗണിച്ചില്ലെന്നതാണ് പ്രദേശവാസികൾ പറയുന്നത്.
വടക്കൻപാലൂർ-വടക്കേക്കര, ചീനിച്ചോട്, കിഴക്കേക്കര ഭഗങ്ങളിൽനിന്ന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളടക്കം നിരവധി പേർ ഇതിലൂടെ കാൽനടയായും യാത്രചെയ്യുന്നു. സ്കൂൾ വാഹനങ്ങളടക്കം വലുതും ചെറുതുമായ നിരവധി വാഹനങ്ങളും ഇതിലൂടെ സഞ്ചരിക്കുന്നുണ്ട്. കൂടാതെ പാലൂർ ടൗൺ ജുമാമസ്ജിദ്, മദ്റസ സ്ഥാപനങ്ങൾ കച്ചവട സ്ഥാപനങ്ങൾ എന്നിവയും ഇവിടെ സ്ഥിതിചെയ്യുന്നു.
എന്നാൽ, ചെറുകിട ജലസേചന വകുപ്പ് മുമ്പ് മരംമുറിച്ചെടുക്കുന്നതിന് ടെൻഡർ നൽകിയെങ്കിലും ഉപയോഗശൂന്യമായ ചീനി മരങ്ങൾ മുറിക്കാനുള്ള ടെൻഡർ ആരും സ്വീകരിക്കയുണ്ടായില്ലെന്നും പരിസരവാസി പറഞ്ഞു. ഇനിയുമൊരപകടത്തിനു കാത്തുനിൽക്കാരെ ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റിത്തരണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.