സലാഹുദ്ദീന്റെ കിരീടനേട്ടം പിതാവിന്റെ സ്വപ്നസാക്ഷാത്കാരം
text_fieldsമഞ്ചേരി: പിതാവിന്റെ സ്വപ്നത്തിന് കാൽപന്തുകളിയിലൂടെ നിറം പകർന്ന് മകൻ. തൃപ്പനച്ചി പാലക്കാട് ചെമ്പ്രീരി സ്വദേശി സലാഹുദ്ദീൻ അദ്നാനാണ് പിതാവ് കൊയമ്പ്രവൻ അബൂബക്കറിന്റെ സ്വപ്നം യാഥാർഥ്യമാക്കിയത്. സലാഹുദ്ദീന്റെ കരിയർ ഒരു കളിക്കാരന്റെ മാത്രം കഥയല്ല, മറിച്ച് പിതാവിന്റെ പിന്തുണയുടെയും ദീർഘവീക്ഷണത്തിന്റെയും സാക്ഷ്യംകൂടിയാണ്. ചെറുപ്രായത്തിൽതന്നെ മകന്റെ ഫുട്ബാൾ മികവ് തിരിച്ചറിഞ്ഞ് പരിമിതികൾക്കുള്ളിൽനിന്ന് പരിശീലനം നൽകി അവനെ അബൂബക്കർ വളർത്തിയെടുക്കുകയായിരുന്നു.
ഐ.എസ്.എൽ ഫുട്ബാളിന്റെ 11ാം സീസണിൽ തുടർച്ചയായി രണ്ടാം തവണയും മോഹൻ ബഗാൻ കിരീടം ചൂടിയപ്പോൾ ടീമിന്റെ കരുത്തായിരുന്നു സലാഹുദ്ദീൻ. മുത്തൂറ്റ് എഫ്.സിയിൽനിന്നാണ് ഈ 23കാരൻ ബഗാനിലേക്ക് ടിക്കറ്റെടുത്തത്. ടീമിൽ ഇടംപിടിച്ച ആദ്യവർഷം തന്നെ സീസണിലെ ഷീൽഡും അതേ സീസണിലെ കപ്പും ഉയർത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും കുടുംബവും.
തൃപ്പനച്ചി സ്കൂൾ ടീമിൽ പന്തുതട്ടി തുടങ്ങിയായിരുന്നു തുടക്കം. പിന്നീട് വിവിധ ടീമുകളിലൂടെ സഞ്ചരിച്ചാണ് സലാഹുദ്ദീൻ മോഹൻ ബഗാനിലെത്തിയത്. സുബ്രതോ കപ്പിൽ സംസ്ഥാന ചാമ്പ്യന്മാരായ എൻ.എൻ.എം.എച്ച്.എസ്.എസ് ചേലേമ്പ്രയുടെ നായകനായിരുന്നു. കേരള ടീമിനെ പ്രതിനിധാനംചെയ്ത് ദേശീയതലത്തിൽ സുബ്രതോ ടൂർണമെന്റിലും പങ്കെടുത്തു.
കേരള പ്രീമിയർ ലീഗിൽ മുത്തൂറ്റ് ഫുട്ബാൾ അക്കാദമി, കേരള ബ്ലാസ്റ്റേഴ്സ്, ഗോൾഡൻ ത്രെഡ്സ്, എം.എ ഫുട്ബാൾ ക്ലബ് ടീമുകൾക്കുവേണ്ടി പന്തുതട്ടി. 2023-24ൽ മുത്തൂറ്റ് എഫ്.എയെ നയിച്ച സലാഹുദ്ദീൻ സീസണിലെ കേരള പ്രീമിയർ ലീഗ് ടോപ് സ്കോററായി. ഇതേ വർഷം റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിലും ടീമിനെ നയിച്ചു. ടീം സെമിയിലേക്കുള്ള ടിക്കറ്റ് നേടിയതോടെയാണ് സലാഹുദ്ദീനെ മോഹൻ ബഗാൻ നോട്ടമിട്ടത്.
മോഹൻ ബഗാനുവേണ്ടി കൊൽക്കത്ത ഫുട്ബാൾ ലീഗിലും ഡ്യൂറൻഡ് കപ്പിലും കലിംഗ സൂപ്പർ കപ്പിലും മികച്ച പ്രകടനങ്ങൾ നടത്താൻ സലാഹുദ്ദീന് സാധിച്ചു. സംസ്ഥാനതല സ്കൂൾ കായികമേളയിൽ പോൾവാൾട്ട് ഇനത്തിൽ മികച്ച പ്രകടനം നടത്താനും ഈ യുവതാരത്തിന് സാധിച്ചിട്ടുണ്ട്.
മഹാരാജാസ് കോളജിൽനിന്ന് ഫിസിക്സിൽ ബിരുദം നേടിയിട്ടുണ്ട്. ഫുട്ബാൾ വഴിയിൽ മകന് പിന്തുണയുമായി പിതാവ് അബൂബക്കറിനു പുറമെ മാതാവ് എം.ടി. ഹസീനയും കൂടെയുണ്ട്. സലാഹുദ്ദീന് ഞായറാഴ്ച നാട്ടുകാരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.