സാമൂഹിക സുരക്ഷ പെൻഷൻ കൺസോർഷ്യം; സഹകരണ സംഘങ്ങളെ ഭീഷണിപ്പെടുത്തി പണപ്പിരിവ്
text_fieldsപ്രതീകാത്മക ചിത്രം
മലപ്പുറം: സാമൂഹിക സുരക്ഷ പെൻഷൻ കൺസോർഷ്യത്തിന് 2000 കോടി രൂപ അടിയന്തരമായി സ്വരൂപിക്കുന്നതിന് സഹകരണ സംഘങ്ങളിൽനിന്ന് സർക്കാറിന്റെ നിർബന്ധിത പണപ്പിരിവ്. സഹകരണ ബാങ്കുകൾക്കും വിവിധ സംഘങ്ങൾക്കും ക്വാട്ട നിശ്ചയിച്ചുനൽകിയാണ് പണം പിരിച്ചുകൊണ്ടിരിക്കുന്നത്. നവംബർ ആറിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ അതിന് മുമ്പ് പെൻഷൻ വിതരണം ആരംഭിക്കുന്നതിനാണ് സർക്കാർ പണം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ബാങ്കുകളുടെയും സംഘങ്ങളുടെയും വലിപ്പചെറുപ്പമനുസരിച്ച് 25 ലക്ഷം രൂപ മുതൽ പത്ത് കോടി രൂപ വരെ സഹകരണ വകുപ്പ് ക്വാട്ട നിശ്ചയിച്ച് നൽകിയിരിക്കുകയാണ്.
ജോയിന്റ് രജിട്രാർമാരും അസി. രജിസ്ട്രാർമാരും സംഘങ്ങളെ പണമടക്കാൻ നിർബന്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ ഭീഷണിസ്വരത്തിലാണ് സംസാരിക്കുന്നതെന്നും സഹകാരികൾ പറയുന്നു. സാമൂഹിക സുരക്ഷ പെൻഷൻ കൺസോർഷ്യം കമ്പനിയിലേക്ക് സമാഹരിക്കുന്ന ഫണ്ടിന് ഒമ്പത് ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നതെങ്കിലും സർക്കാറിലേക്ക് അടക്കുന്ന പണം തിരിച്ചുകിട്ടുമോയെന്നതിൽ സംഘങ്ങൾക്ക് ആശങ്കയുണ്ട്. നിക്ഷേപകരിൽനിന്ന് എട്ട് മുതൽ 8.5 ശതമാനം വരെ പലിശനിരക്കിൽ നിക്ഷേപമായി സ്വീകരിച്ചതാണ് സഹകരണ ബാങ്കുകളിലെ പണമത്രയും. പെൻഷൻ കൺസോർഷ്യത്തിന് നൽകുന്ന തുക തിരിച്ചുകിട്ടാതായാൽ ബാങ്കുകൾ പ്രതിസന്ധിയിലാവും. നേരത്തെ വിവിധ പൊതുമേഖല സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് സർക്കാർ ഗാരണ്ടിയിൽ സഹകരണ ബാങ്കുകൾ നൽകിയ കോടികൾ കിട്ടാക്കടമായി കിടക്കുകയാണ്. സഹകരണ സംഘങ്ങൾ സഹകരണ വകുപ്പിന് കീഴിലായതിനാൽ പണം തരില്ലെന്ന് പറയാൻ ഇവർക്ക് പ്രയാസമുണ്ട്. പെൻഷൻ വിതരണത്തിന് സർക്കാറിന്റെ കൈവശം പണമില്ലാത്തതിനാലാണ് കൺസോർഷ്യം രൂപവത്കരിച്ച് സഹകരണ സംഘങ്ങളിൽനിന്ന് ധനസമാഹരണം നടത്തുന്നത്. നവംബർ അഞ്ചിനകം ക്വാട്ട പ്രകാരമുള്ള മുഴുവൻ തുകയും കൈമാറണമെന്ന കർശന നിർദേശമാണ് ബാങ്കുകൾക്ക് സഹകരണ വകുപ്പ് നൽകിയിരിക്കുന്നത്. സർക്കാറിന്റെ നിർബന്ധിത പിരിവിനെതിരെ പ്രതിഷേധ പരിപാടികൾ ആലോചിക്കുന്നതിന് യു.ഡി.എഫ് സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെ യോഗം മലപ്പുറത്ത് വിളിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ജില്ല ലീഗ് നേതാക്കൾക്കിടയിലെ ഭിന്നാഭിപ്രായം മൂലം അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

