താനാളൂർ കൃഷിഭവന് മികവിന്റെ വിളവെടുപ്പ്
text_fieldsമികച്ച കൃഷിഭവനുള്ള വി.വി. രാഘവൻ പുരസ്കാരം നേടിയ താനാളൂർ കൃഷിഭവനിൽ കൃഷി ഓഫിസർ ഡോ. പി. ശിൽപക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. മല്ലിക മധുരം നൽകുന്നു
താനൂർ: താനാളൂർ കൃഷിഭവന് ലഭിച്ച മികച്ച കൃഷിഭവനുള്ള വി.വി. രാഘവൻ സ്മാരക പുരസ്കാരം മികവിന്റെ വിളവെടുപ്പായി. കൃഷി ഓഫിസർ ഡോ. പി. ശിൽപയുടെ നേതൃത്വത്തിൽ ജീവനക്കാരും കർഷകരും നടത്തിയ മാതൃകാപ്രവർത്തനങ്ങളാണ് പുരസ്കാരം നേടിക്കൊടുത്തത്.
സംസ്ഥാന സർക്കാറിന്റെ ‘കൃഷിസമൃദ്ധി’ പദ്ധതി ജനകീയമായി നടത്തിയതടക്കം നേട്ടങ്ങൾ ഏറെയാണ്. ’കതിർ ആപ്പ്’ രജിസ്ട്രേഷനിൽ ജില്ലയിൽ ഒന്നാമതാണ് താനാളൂർ കൃഷിഭവൻ. പഴം, പച്ചക്കറി കൃഷികളിൽ നിരവധി പദ്ധതികൾ നടപ്പാക്കി. അരീക്കാട് പാടത്ത് 15 ഏക്കറിൽ വിവിധ ഇനം തണ്ണിമത്തൻ കൃഷി വിളവെടുപ്പ് നടത്തി.
കർഷക കൂട്ടങ്ങളുടെ നേതൃത്വത്തിൽ സ്ഥിരം കൃഷി വാണിജ്യകേന്ദ്രം ചിങ്ങം ഒന്നിന് പ്രവർത്തനം തുടങ്ങും. താനാളൂർ വിള ആരോഗ്യകേന്ദ്രത്തിൽ ചെടികളുടെ രോഗങ്ങളും കീടങ്ങളെയും സ്ഥിരീകരിക്കാൻ സ്റ്റീരിയോ മൈക്രോസ്കോപ്പ്, കോമ്പൗണ്ട് മൈക്രോസ്കോപ്പ്, മാഗ് നി ഫയർ തുടങ്ങിയവ ഒരുക്കി.
ഒരു ലക്ഷത്തി നാൽപത്തി അയ്യായിരം രൂപയുടെ ജൈവ /രാസ കീടനാശിനി, കുമിൾനാശിനി എന്നിവ കഴിഞ്ഞവർഷം വിള ആരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്തു. ആരോഗ്യകേന്ദ്രത്തിൽ മണ്ണ് പരിശോധന യൂനിറ്റും പ്രവർത്തിക്കുന്നു. ഗ്രയിൻ മോയിസ്റ്റർ മീറ്റർ, തെർമോഹൈഗ്രോമീറ്റർ, വാട്ടർ ടെസ്റ്റിങ് കിറ്റ് എന്നിവയും കാര്യക്ഷമമാണ്. കഴിഞ്ഞവർഷം കേരകേസരി സംസ്ഥാന അവാർഡ് ലഭിച്ച പി.ടി. സുഷമയുടെ 13 ഉൽപന്നങ്ങൾക്ക് കേരള ഗ്രോ ബ്രാൻഡിങ് നൽകാനായി.
കഴിഞ്ഞവർഷം പഞ്ചായത്ത് ഫണ്ടിൽ നിന്ന് തേനീച്ച കർഷകർക്ക് തേനീച്ചയും കൂടും പരിശീലനവും നൽകി. കൃഷിവകുപ്പിൽ നിന്ന് വി.സി.എഫ് ഫണ്ടായ അമ്പതിനായിരം രൂപ നൽകി ‘താനാളൂർ ഹണി’ എന്ന ബ്രാൻഡിൽ തേൻ വിപണനം ആരംഭിച്ചു.
‘ഓപൺ പൊസിഷൻ ഫാമിങ്’ എന്ന നൂതന കൃഷിരീതിയിലൂടെ ഏഴ് ഹെക്ടറോളം സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്തു. താനൂർ ബ്ലോക്കിലെ കൃഷിശ്രീ സെന്ററിന്റെ സബ് സെന്ററായി നാട്ടറിവ് ഗ്രൂപ്പ് പ്രവർത്തിക്കുന്നു. ഇതുവഴി 3,24,000 രൂപയുടെ വളവും 1,40,000 രൂപയുടെ പച്ചക്കറി തൈകളും വിതരണം ചെയ്തു. പരീക്ഷണാടിസ്ഥാനത്തിൽ നിലക്കടല കൃഷിയും ചെയ്തിട്ടുണ്ട്. അംഗനവാടികളിലും വിദ്യാലയങ്ങളിലും ബഡ്സ് സ്കൂളിലും രണ്ട് ലക്ഷം രൂപയുടെ പോഷകത്തോട്ടം പദ്ധതി സജ്ജമാക്കി. മണ്ണ് സംരക്ഷണ വകുപ്പിൽ നിന്ന് ആർ.ഐ.എസ് പ്രോജക്ടിൽ മൂന്ന് കോടിയുടെ പദ്ധതി നബാർഡിന്സമർപ്പച്ചു.
കൃഷിഭവന് കീഴിൽ രജിസ്റ്റർ ചെയ്ത കൃഷിക്കൂട്ടം വഴി സെപ്റ്റംബറിൽ വിപുലമായ വിപണന സംവിധാനം ആരംഭിക്കും. അനുമോദന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. മല്ലിക കൃഷി ഓഫിസർ ഡോ. പി. ശിൽപക്ക് മധുരം നൽകി. വൈസ് പ്രസിഡൻറ് വി. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.