ബോട്ട് ദുരന്തം: കൂടുതൽ നടപടിയുമായി ജുഡീഷ്യൽ കമീഷൻ
text_fieldsതിരൂർ: താനൂർ ബോട്ട് ദുരന്തത്തെ സംബന്ധിച്ച് പൊതുജനങ്ങളിൽനിന്നുള്ള പരാതികളും കേൾക്കാൻ ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ ഉൾപ്പെടെയുള്ള ജുഡീഷ്യൽ കമീഷന്റെ തീരുമാനം. കമീഷന്റെ വിചാരണ നടപടികളുടെ ഭാഗമായി വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വിചാരണ നടപടികൾ പൂർത്തിയാക്കി സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള പൊതുജന നിർദേശങ്ങളും പരാതികളും എല്ലാ ജില്ലകളിലും നടത്തുന്ന ക്യാമ്പ് സിറ്റിങ് മുഖേന കേൾക്കാൻ തീരുമാനിച്ചത്.
കമീഷൻ ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ, കമീഷൻ അംഗമായ ഡോ. കെ. നാരായണൻ എന്നിവർ തിരൂർ ഗവ. റസ്റ്റ് ഹൗസിൽ നടത്തിയ കമീഷൻ സിറ്റിങ്ങിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മലപ്പുറം ജില്ലയിലെ സിറ്റിങ് ഒക്ടോബർ 22ന് തിരൂർ വാഗൺ ട്രാജഡി ടൗൺഹാളിൽ വെച്ചും 23ന് അരീക്കോട് കമ്യൂണിറ്റി ഹാളിൽ നടക്കും.
ബോട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് കമീഷനെ ചുമതലപ്പെടുത്തിയ സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച് ഇറക്കിയ ടേംസ് ഓഫ് റഫറൻസിൽ ബോട്ടപകടത്തിൽ ഉത്തരവാദികളായ ആളുകളെ കണ്ടെത്തുന്നതിനും ബോട്ട് സർവിസുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനും ജുഡീഷ്യൽ കമീഷനെ അധികാരപ്പെടുത്തിയിരുന്നു. അതോടൊപ്പം തന്നെ ഭാവിയിൽ ജലഗതാഗത മേഖലയിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ നടപ്പാക്കേണ്ട നടപടികൾ നിർദേശിക്കാനും കമീഷൻ നിർദേശം നൽകിയിരുന്നു.
ഇതിന്റെ ഭാഗമായാണ് വിനോദസഞ്ചാര മേഖലയിലും ഉൾനാടൻ ജല ഗതാഗത മേഖലയിലും മത്സ്യബന്ധന മേഖലയിലും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികളിൽനിന്ന് അഭിപ്രായങ്ങൾ തേടാൻ കമീഷൻ തീരുമാനിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള ആദ്യ സിറ്റിങ് സെപ്റ്റംബർ 10ന് തിരുവനന്തപുരം പുവ്വാറിൽ നടത്തുന്നതാണ്.
വിചാരണവേളയിൽ കമീഷന് വേണ്ടി അഡ്വ. ടി.പി. രമേശ് സർക്കാറിനായി എ.ജി.പി അഡ്വ. ടി.പി. അബ്ദുൽ ജബ്ബാർ, നഗരസഭക്കായി അഡ്വ. എം.കെ. മൂസക്കുട്ടി, അഡ്വ. ഹരീഷ് മേനോൻ, മരിച്ചവരുടെ കുടുംബാംഗങ്ങൾക്കായി അഡ്വ. പി.പി. റഊഫ്, പ്രതികൾക്കായി അഡ്വ. ബാബു കാർത്തികേയൻ, അഡ്വ. നസീർ ചാലിയം, അഡ്വ. നിഖിൽ എന്നിവർ ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.