ഡ്രൈവർ അപമര്യാദയായി പെരുമാറി; ഓട്ടോയിൽനിന്ന് ചാടിയ യുവതിക്ക് പരിക്ക്
text_fieldsഷബീർ
താനൂർ: ഓട്ടോ ഡ്രൈവർ ശല്യപ്പെടുത്തിയതിനെ തുടർന്ന് ഓടുന്ന ഓട്ടോറിക്ഷയിൽനിന്ന് യുവതി പുറത്തേക്ക് ചാടി. സംഭവത്തിൽ ഡ്രൈവറെ തിരുവനന്തപുരത്തെത്തി പൊലീസ് പിടികൂടി. താനൂർ പുതിയ കടപ്പുറത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഷബീറിനെയാണ് (43) താനൂർ പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. യുവതി മൂലക്കലിലെ ഓഡിറ്റോറിയത്തിലേക്ക് പോകാൻ കാളാടുനിന്ന് ഓട്ടോയിൽ കയറിയപ്പോഴാണ് ശല്യംചെയ്യാൻ തുടങ്ങിയത്. അപമര്യാദയായി പെരുമാറിയതോടെ യുവതി ഓട്ടോയിൽനിന്ന് ചാടുകയായിരുന്നു. പരിക്കേറ്റ യുവതിയെ മൂലക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം താനൂർ ഡിവൈ.എസ്.പി പി. പ്രമോദിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം സി.സി.ടി.വിയടക്കമുള്ളവ പരിശോധിച്ച് ഇയാളുടെ ഓട്ടോറിക്ഷയുടെ നമ്പർ കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. പ്രതിയെ തിരിച്ചറിയാനായെങ്കിലും മൊബൈൽ ഫോൺ ഓഫ് ചെയ്ത് തിരുവനന്തപുരം ഭാഗത്തേക്ക് കടക്കുകയായിരുന്നു.
തുടർന്നാണ് താനൂർ ഇൻസ്പെക്ടർ ടോണി ജെ. മറ്റവും സംഘവും തിരുവനന്തപുരത്തെത്തി പ്രതിയെ പിടികൂടിയത്. താനൂർ ഡിവൈ.എസ്.പി പി. പ്രമോദിനെ കൂടാതെ താനൂർ ഇൻസ്പെക്ടർ ടോണി ജെ. മറ്റം, സബ് ഇൻസ്പെക്ടർമാരായ എൻ.ആർ. സുജിത്, സുകീഷ് കുമാർ, പ്രമോദ്, എ.എസ്.ഐ നിഷ, സെബാസ്റ്റ്യൻ, രാഗേഷ്, സലേഷ്, വിനീത്, ഷിബു, അനിൽ, പ്രകാശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.