ആനവണ്ടിയിലെ അച്ഛനും മകനും
text_fieldsഗിരീശനും മകൻ ആദർശും
നിലമ്പൂർ: അച്ഛാ, റെഡിയല്ലേ? ഡ്രൈവർ സീറ്റിൽ നിന്ന് ആദർശ് കണ്ണാടിയിലൂടെ പുറകിലേക്ക് നോക്കി ചോദിച്ചു. ‘റെഡിയാണ് മോനെ.. ഗിരീശൻ ടിക്കറ്റ് മെഷീൻ തോളിലിട്ട് ചിരിച്ചുകൊണ്ട് ബെൽ കോർഡിൽ രണ്ട് വട്ടം വലിച്ചു- വണ്ടി മുന്നോട്ട്... കൽപ്പറ്റ ഡിപ്പോയിൽ നിന്ന് പുലർച്ചെ അഞ്ചരയ്ക്ക് തൃശൂരിലേക്ക് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് മകൻ ഡ്രൈവറും അച്ചൻ കണ്ടക്ടറുമായി ഇന്നലെ ജോലിയിലുണ്ടായിരുന്നത്.
ഇരുപത്തെട്ട് വർഷത്തെ സർവീസുള്ള ഗിരീശന് കാക്കി യൂനിഫോം വെറുമൊരു വസ്ത്രമല്ല, ജീവശ്വാസം തന്നെയാണ്. കണ്ടക്ടർ ബാഗുമായി ഇന്നലെ ബസിൽ കയറുമ്പോൾ ഗിരീശന്റെ മുഖത്ത് ഒരു പ്രത്യേക അഭിമാനം കാണാമായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ ബസിലെ ഡ്രൈവർ മറ്റാരുമായിരുന്നില്ല, മകൻ ആദർശാണ്. കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക ഡ്രൈവറായ ആദർശന് അച്ഛന്റെ കൂടെ ആദ്യ ഡ്യൂട്ടിയായിരുന്നു വ്യാഴാഴ്ച. ടിക്കറ്റ് കൊടുക്കുമ്പോൾ അറിയുന്ന ചില യാത്രക്കാർ ഗിരീശനോട് ചോദിക്കുന്നുണ്ടായിരുന്നു മോനാണല്ലേ ഓടിക്കുന്നത്.
ഉച്ചയ്ക്ക് തൃശൂരിലെത്തി ഡിപ്പോയിൽ വണ്ടി നിർത്തിയപ്പോൾ രണ്ട് പേരും ഒന്നിച്ച് ഊണ് കഴിക്കാൻ ഹോട്ടലിൽ. രാത്രി എട്ടോടെ ബസ് തിരികെ കൽപ്പറ്റ ഡിപ്പോയിൽ. കലക്ഷൻ കാശേൽപ്പിച്ച് ഇരുവരും പുറത്തിറങ്ങി, ബൈക്കിൽ വീട്ടിലെത്തി. ഡിപ്പോയിൽ നിന്ന് 24 കിലോമീറ്റർ അകലെ പടിഞ്ഞാറേതിലാണ് 53 കാരനായ തുറുപറമ്പിൽ ഗിരീശന്റെ വീട്. വിരമിക്കാൻ രണ്ട് വർഷം കൂടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

