തിരൂർ ഉപജില്ല ശാസ്ത്രമേളക്ക് ഇന്ന് തുടക്കമാവും
text_fieldsതിരൂർ: തിരൂർ ഉപജില്ല ശാസ്ത്ര, ഗണിത, സാമൂഹ്യ ശാസ്ത്ര, ഐ.ടി മേള ബുധനാഴ്ച (ഒക്ടോബർ 15 മുതൽ 17 വരെ) മുതൽ മൂന്ന് ദിവസങ്ങളിലായി ചെമ്പ്ര എ.എം.യു.പി.സ്കൂൾ, ജെ.എം. ഹയർ സെക്കൻഡറി സ്കൂൾ പരന്നേക്കാട്, ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ തിരൂർ, എ.എം.യു.പി സ്കൂൾ കോട്ട് എന്നിവിടങ്ങളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ശാസ്ത്രമേളയും ഗണിത ശാസ്ത്രമേളയും ചെമ്പ്ര എ.എം.യു.പി സ്കൂളിലും കോട്ട് എ.എം.യു.പി സ്കൂളിലും പ്രവൃത്തി പരിചയമേളയും സാമൂഹ്യ ശാസ്ത്രമേളയും ജെ.എം.എൽ.പി, ജെ.എം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലും ഐ.ടി മേള ജി.ബി.എച്ച്.എസ്.എസ് തിരൂരിലും നടക്കും.
എൽ.പി വിഭാഗത്തിൽ നിന്ന് 1642 കുട്ടികളും യു.പി വിഭാഗത്തിൽ നിന്ന് 1209 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് 992 കുട്ടികളും ഹയർ സെക്കൻഡറി ഭാഗത്തിൽ നിന്ന് 430 കുട്ടികളുമുൾപ്പടെ 4273 കുട്ടികളാണ് ഇത്തവണ ശാസ്ത്രമേളയിൽ മത്സര രംഗത്തുള്ളത്. സയൻസ് വിഭാഗത്തിൽ 1180 കുട്ടികളും ഗണിതശാസ്ത്ര വിഭാഗത്തിൽ 735 കുട്ടികളും സാമൂഹ്യശാസ്ത്ര വിഭാഗത്തിൽ 617 കുട്ടികളും പ്രവൃത്തി പരിചയമേളയിൽ 1512 കുട്ടികളും ഐ.ടി മേളയിൽ 229 കുട്ടികളും മത്സരിക്കും.
മേളയുടെ ഉദ്ഘാടനം ബുധനാഴ്ച വൈകുന്നേരം നാലിന് ചെമ്പ്ര എ.എം.യു.പി സ്കൂളിൽ തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ നിർവഹിക്കും. കുട്ടികളുടെ പരിപൂർണ പങ്കാളിത്തം ഉറപ്പുവരുത്താൻ എല്ലാ മത്സരങ്ങളും തൽസമയ മത്സരങ്ങളായാണ് നടത്തുന്നത്. സയൻസ് വിഭാഗത്തിലെ വർക്കിങ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവയിലെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ മത്സരാർഥികൾ ഉണ്ടാക്കുന്ന വീഡിയോ കൂടി ഇത്തവണ മൂല്യനിർണയത്തിന് വിധേയമാക്കും. ശാസ്ത്രോത്സവത്തിന്റെ സമാപന സമ്മേളനം 17ന് വൈകുന്നേരം നാലിന് ജെ.എം. ഹയർ സെക്കൻഡറി സ്കൂളിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വാർത്തസമ്മേളനത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ആർ.പി. ബാബുരാജ്, ജനറൽ കൺവീനർ പ്രവീൺ കൊള്ളഞ്ചേരി, തിരൂർ ഉപജില്ല എച്ച്.എം ഫോറം കൺവീനർ എൻ.പി. ഫൈസൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി. സെൻ, ഫുഡ് കമ്മിറ്റി കൺവീനർ അബ്രഹാം റോബിൻ, റിസപ്ഷൻ കമ്മിറ്റി കൺവീനർ ഡോ. പ്രവീൺ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ. സിന്ധു, ചെമ്പ്ര സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.പി. നിശാന്ത്, ചെമ്പ്ര സ്കൂൾ എം.ടി.എ പ്രസിഡന്റ് പി. നുസൈബ, ജെ.എം. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് നിസാർ ബാബു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

