വട്ടപ്പാറയിൽ സർവിസ് റോഡിന് അനുമതി
text_fieldsദേശീയപാത ആറുവരി പാതയുടെ ഭാഗമായി കോഴിക്കോട് ഭാഗത്തുനിന്ന് വളാഞ്ചേരി ഭാഗത്തേക്ക് കുന്നിടിച്ച് സർവിസ്
റോഡ് നിർമിക്കേണ്ട വട്ടപ്പാറ പ്രദേശത്തെ സ്ഥലം
വളാഞ്ചേരി: ദേശീയപാത ആറുവരി പാതയുടെ ഭാഗമായ സർവിസ് റോഡ് വട്ടപ്പാറയിലെ പഴയ സി.ഐ ഓഫിസ് പരിസരത്തുനിന്ന് കാവുംപുറം ഭാഗത്തേക്ക് നിർമിക്കുമെന്ന് ദേശീയപാത നിർമാണ കമ്പനി അധികൃതർ അറിയിച്ചതായി വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സർവിസ് റോഡ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയപാത പ്രോജക്ട് ഡയറക്ടർ പ്രവീൺ വട്ടപ്പാറയിൽ നിർമാണ സ്ഥലം സന്ദർശിച്ചിരുന്നു. അദ്ദേഹം വിഷയത്തിൽ ഇടപെടുകയായിരുന്നു. എം.പി അബ്ദുസ്സമദ് സമദാനി എം.പിയും പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും വളാഞ്ചേരി നഗരസഭയും നിരന്തരമായി പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ഇതിനെ തുടർന്നാണ് സർവിസ് റോഡ് വട്ടപ്പാറയിൽനിന്ന് കാവുംപുറത്തേക്ക് നിർമിക്കുമെന്ന് അറിയിച്ചതെന്ന് ചെയർമാൻ പറഞ്ഞു.
വ്യാഴാഴ്ച കോട്ടക്കൽ ഗവ. ഗസ്റ്റ് ഹൗസിൽ അബ്ദുസ്സമദ് സമദാനി എം.പി വിളിച്ചുചേർത്ത യോഗത്തിൽ പ്രോജക്ട് ഡയറക്ടർ പ്രവീൺ സർവിസ് റോഡിന് അനുമതി ആയ വിവരം അറിയിച്ചു. എസ്റ്റിമേറ്റ് ലഭിക്കുന്ന മുറക്ക് പ്രവൃത്തി തുടരുമെന്ന് അദ്ദേഹം അറിയിച്ചതായും നഗരസഭ ചെയർമാൻ പറഞ്ഞു. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷരായ മുജീബ് വാലാസി, സി.എം. റിയാസ്, മാരാത്ത് ഇബ്രാഹിം, റുബി ഖാലിദ്, ദീപ്തി ശൈലേഷ്, കൗൺസിലർ ശിഹാബ് പാറക്കൽ എന്നിവർ സംബന്ധിച്ചു.
തീരുമാനം ജനകീയ പ്രതിഷേധത്തിന്റെ വിജയം
വളാഞ്ചേരി: ദേശീയപാതയുടെ ഭാഗമായ സർവിസ് റോഡ് വട്ടപ്പാറ പഴയ സി.ഐ ഓഫിസ് പരിസരത്ത് അവസാനിപ്പിക്കാനുള്ള നീക്കം പുനരാലോചിക്കാൻ പ്രേരിപ്പിച്ചത് ജനകീയ സമരത്തിന്റെ വിജയം. കുന്നിടിച്ച് നിരപ്പാക്കുന്നതിന്റെയും മറ്റും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കോഴിക്കോട് ഭാഗത്തുനിന്നുമുള്ള സർവിസ് റോഡ് വട്ടപ്പാറയിലെ പഴയ സി.ഐ ഓഫിസ് പരിസരത്ത് അവസാനിപ്പിക്കാനുള്ള തീരുമാനമാണ് പുനഃപരിശോധിക്കുമെന്ന് ദേശീയ പാത നിർമാണ പ്രോജക്ട് ഡയറക്ടർ കോട്ടക്കലിൽ നടന്ന യോഗത്തിൽ അറിയിച്ചത്.
നേരത്തെ ഡി.പി.ആറിൽ ഉണ്ടായിരുന്ന സർവിസ് റോഡാണ് സുരക്ഷാപ്രശ്നത്തിൽ തട്ടി ഇല്ലാതാക്കിയത്. സർവിസ് റോഡ് ഇല്ലാതാകുന്നതോടെ കോഴിക്കോട് ഭാഗത്തുനിന്നും കാവുമ്പുറം, വളാഞ്ചേരി ഭാഗത്തേക്ക് പോകുന്നവർ വയഡക്റ്റിലൂടെ ഓണിയൽ പാലം വഴി തിരിച്ചുപോകേണ്ട അവസ്ഥ വരുമായിരുന്നു. തിരൂർ, കോട്ടക്കൽ ഭാഗത്തുനിന്നും വളാഞ്ചേരി സ്റ്റാൻഡിൽ എത്തുന്ന ബസുകളും പ്രതിസന്ധിയിൽപ്പെടുമായിരുന്നു. വട്ടപ്പാറ, കഞ്ഞിപ്പുര ഭാഗങ്ങളിൽ നിന്നും സ്കൂൾ ബസുകൾ ആറ് കിലോമീറ്റർ ദൂരം താണ്ടിയ ശേഷമേ വിദ്യാലയങ്ങളിൽ എത്തുകയുള്ളൂ.
സർവിസ് റോഡ് ഇല്ലാതാവുന്നത് കാവുമ്പുറം അങ്ങാടിയിലെയും വളാഞ്ചേരി ടൗണിലെയും വ്യാപാരത്തെയും സാരമായി ബാധിച്ചേനെ. ഈ പ്രതിസന്ധികൾ മറികടക്കാനാണ് 200 മീറ്ററോളം വരുന്ന വട്ടപ്പാറ ഭാഗത്ത് സർവിസ് റോഡ് നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടത്.
ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികൾ, വ്യാപാരികൾ, ബസുടമകൾ തുടങ്ങി വിവിധ മേഖലയിൽ ഉള്ളവർ സമരവുമായി രംഗത്ത് വന്നു. ജനകീയ സമിതി രൂപവത്കരിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. വട്ടപ്പാറ വയഡക്ട് ആരംഭിക്കുന്ന ഭാഗത്ത് ദേശീയപാത കുറുകെ കടന്ന് വളാഞ്ചേരി ഭാഗത്തേക്ക് വാഹനങ്ങൾ പോകാനുള്ള സൗകര്യം ബുധനാഴ്ച ദേശീയപാത നിർമാണ കമ്പനി അവസാനിപ്പിച്ചിരുന്നു. കഞ്ഞിപ്പുരയിൽനിന്ന് അടിപാത വഴി വലതുഭാഗത്തെ സർവിസ് റോഡ് വഴി വാഹന ഗതാഗതം തിരിച്ചു വിട്ടു.
വീതി കുറഞ്ഞ സർവിസ് റോഡ് വഴി ഇരുഭാഗത്തേക്കും വാഹനങ്ങൾ പോകാൻ തുടങ്ങിയതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളെ ഉൾപ്പെടുത്തി ആക്ഷൻ കമ്മിറ്റി രൂപവത്ക്കരിക്കുകയും പ്രക്ഷോഭം ആസൂത്രണം ചെയ്യുകയും ചെയ്തു. വിഭാവനം ചെയ്ത സർവിസ് റോഡ് നിർമിക്കേണ്ടതിനായി എം.പിമാരായ അബ്ദുസ്സമദ് സമദാനി, പി.പി. സുനീർ, എം.എൽ.എമാരായ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, ഡോ. കെ.ടി. ജലീൽ, വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ, പ്രദേശത്തെ വാർഡ് കൗൺസിലർമാർ എന്നിവർ ഇടപെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.