മേമാട്ടുപാടത്ത് വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
text_fieldsകണ്ണമംഗലം മേമാട്ടുപാടം വയലിൽ തീപിടിച്ചപ്പോൾ
വേങ്ങര: കണ്ണമംഗലത്തെ മേമാട്ടുപാടം വയലിൽ വൻ തീപിടുത്തം. കൊയ്ത്ത് നടന്നതും അല്ലാത്തതുമായ എട്ടേക്കർ കൃഷി കത്തിയമർന്നു. ഏഴ് ഏക്കറോളം കൊയ്ത്തും മെതിയും കഴിഞ്ഞിരുന്നെങ്കിലും നെല്ല് പൂർണമായും വയലിൽനിന്ന് കൊണ്ടുപോയിരുന്നില്ല. 250 ഓളം വൈക്കോൽ കെട്ടുകളും കത്തിനശിച്ചു. വിളവ് പൂർത്തിയായി കൊയ്ത്തുക്കാരെ കാത്തിരുന്ന ഒരേക്കറോളം നെൽകൃഷിയും കത്തിനശിച്ചു.
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ആളിക്കത്തിയ തീ കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് അണക്കാൻ നേതൃത്വം നൽകിയത്. വിവരമറിഞ്ഞെത്തിയ റവന്യൂ അധികൃതരും, മലപ്പുറത്ത് നിന്നുള്ള അഗ്നിരക്ഷാസേനയും ചേർന്നാണ് തീ പൂർണമായും അണച്ചത്. കണ്ണമംഗലം വില്ലേജ് സ്പെഷൽ വില്ലേജ് ഓഫിസർ നൂറുദ്ദീൻ തോട്ടുങ്ങലിന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ നാല് മോട്ടോർ പമ്പുകൾ ഉപയോഗിച്ച് വെള്ളം അടിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പി.പി. ബീരാൻകുട്ടി, കാമ്പ്രൻ അലി അക്ബർ, ചുക്കൻ അബു, കെ.സി. ഇബ്രാഹിം, സാജൻ, ഹമീദ് ചേറൂർ, ആമി തുടങ്ങിയ കർഷകരുടെ വയലുകളാണ് തീപിടിത്തമുണ്ടായത്. ഇവർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. തീയണക്കാൻ കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് മെംബർ പി.കെ. അബൂബക്കർ സിദ്ദീഖ്, കാമ്പ്രൻ അബ്ദുൽ അസീസ്, കെ. മുഹമ്മദ് കുട്ടി, പനക്കത്തു അബ്ദുൽ സമദ്, കബീർ കുറുക്കനാലുങ്ങൽ, ഇ.പി. അബ്ദുൽ റഹ്മാൻ, ഇ.പി. അൻവർ, മൻസൂർ കൊമ്പത്തിയിൽ, ബർക്കത്ത് ബഷീർ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.