പറപ്പൂരിൽ മിനി സ്റ്റേഡിയം ഒരുങ്ങുന്നു
text_fieldsഒരു കോടി രൂപ ചെലവിൽ നവീകരിക്കുന്ന പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം
വേങ്ങര: പറപ്പൂർ മിനി സ്റ്റേഡിയം നവീകരണത്തിന് പദ്ധതിയാവുന്നു. സംസ്ഥാന സർക്കാർ ഒരു കോടി വകയിരുത്തിയതോടെയാണ് മിനി സ്റ്റേഡിയത്തിന്റെ ശനിദശ മാറുന്നത്. നേരത്തെ അഖിലേന്ത്യ സെവൻസും വർഷം തോറും നിരവധി പ്രാദേശിക ടൂർണമെന്റുകളും നടന്നിരുന്ന മിനി സ്റ്റേഡിയമാണിത്.
വെള്ളം കെട്ടി നിൽക്കലും മറ്റുമായി സ്റ്റേഡിയം ജീർണാവസ്ഥയിലായിരുന്നു. ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയുടെ ഭാഗമായി 18 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ 36 സ്റ്റേഡിയങ്ങൾ നവീകരിക്കാനുള്ള പദ്ധതിയിൽ ജില്ലയിൽനിന്ന് ഇടം പിടിച്ചത് പറപ്പൂർ മിനിസ്റ്റേഡിയമാണ്. പകുതി തുക കായിക യുവജനകാര്യവകുപ്പ് നൽകും.
ബാക്കി എം.എൽ.എ ഫണ്ടോ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടോ ഉപയോഗപ്പെടുത്താനായിരുന്നു തീരുമാനം. 2025-‘26 ബജറ്റിൽ അനുവദിച്ച ഒരു കോടിയിൽ 50 ലക്ഷം രൂപ കായിക യുവജനകാര്യവകുപ്പിൽനിന്നും 50 ലക്ഷം രൂപ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നുമാണ് വകയിരുത്തിയത്.
വിശദമായ എസ്റ്റിമേറ്റ് തയാറാക്കാൻ യുവജന മന്ത്രാലയം പഞ്ചായത്തിനോടാവശ്യപ്പെട്ടിട്ടുണ്ട്. ഭരണാനുമതിയും സാങ്കേതികാനുമതിയും നേടി വൈകാതെ ടെൻഡർ നടപടികളിലേക്ക് കടക്കാമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് ഭരണ സമിതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.