പാഴ്‌വസ്തു സംഭരണ കേന്ദ്രങ്ങൾ നോക്കുകുത്തി; പാഴായത് 25 ലക്ഷം രൂപ
text_fieldsവേങ്ങര ഗ്രാമ പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ കാടുമൂടിയ എം.സി.എഫ് കേന്ദ്രങ്ങളിൽ ചിലത്
വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ യോജന തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച മാലിന്യ ശേഖരണത്തിനായുള്ള പാഴ്‌വസ്തു സംഭരണ കേന്ദ്രങ്ങൾ (എം.സി.എഫ് യൂനിറ്റുകൾ) ഉപയോഗിക്കാതെ നോക്കുകുത്തികൾ ആയി. ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തരം തിരിക്കാനും പുനരുപയോഗ സാധ്യത കണ്ടെത്താനുമായി സൂക്ഷിക്കുന്ന ഇടങ്ങളാണ് എം.സി.എഫ് യൂനിറ്റുകൾ.
വീട്ടുകാർ കഴുകി ഉണക്കി യൂസർ ഫീ നൽകി കൊടുത്തയക്കുന്ന പ്ലാസ്റ്റിക് മാലിന്യം ശാസ്ത്രീയമായി വേർതിരിച്ച് സംസ്കരിക്കാനായി വേങ്ങര ഗ്രാമ പഞ്ചായത്തിലെ 23 വാർഡുകളിലും എം.സി.എഫ് സ്ഥാപിച്ചിട്ടുണ്ട്. എഴുപതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ ചെലവഴിച്ചു റോഡരികിൽ നിർമിച്ച ഈ യൂനിറ്റുകൾ പലതും ഉപയോഗിക്കാതെ കാടുമൂടി കിടക്കുകയാണ്. 25 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച ഈ നിർമിതികൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പോലും ഗ്രാമ പഞ്ചായത്ത് സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.
എം.സി.എഫ് യൂനിറ്റുകളുടെ പ്രായോഗിക ഉപയോഗ സാധ്യതകൾ പരിഗണിക്കാതെ പൊതുജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടി ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വേങ്ങരയിലെ വിവരാവകാശ പ്രവർത്തകൻ എ.പി. അബൂബക്കർ ഓംബുഡ്സ്മാന് പരാതി നൽകിയിട്ടുണ്ട്. അതേസമയം ഇവയിൽ ശേഖരിച്ചു വെച്ചിരിക്കുന്ന മാലിന്യം സംസ്കരിക്കുന്നതിന് ആവശ്യമായ നടപടികൾ ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് സ്വീകരിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

