‘ഇങ്ങനത്തെ ദുരന്തം എന്റെ ജീവിതത്തിൽ ഇനി കാണിക്കരുതേ’
text_fieldsബഷീർ കളത്തിപറമ്പിൽ
മലപ്പുറം: ‘ഇങ്ങനത്തെ ഒരു ദുരന്തം എന്റെ ജീവിതത്തിൽ ഇനി കാണിക്കരുതേ, അതു മാത്രമാണ് പടച്ച റബ്ബിനോടുള്ള എന്റെ തേട്ടം’ വയനാട് ഉരുൾ ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങളുടെ പരിപാലകനായി നിലമ്പൂർ ജില്ല ആശുപത്രിയിൽ സേവനമനുഷ്ടിച്ച സന്നദ്ധ പ്രവർത്തകൻ മൊറയൂർ ഒഴുകൂർ സ്വദേശി ബഷീർ കളത്തിപ്പറമ്പിലിന്റെ ഉള്ളുലയുന്ന വാക്കുകൾ. നിരവധി ദുരന്തമുഖത്തിൽ രക്ഷാദൗത്യവുമായി ഓടിയെത്തിയിട്ടുണ്ട്. നിരവധി ഹതഭാഗ്യർക്ക് രക്ഷാകരം നീട്ടിയിട്ടുണ്ട്. ആരോരുമില്ലാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ട്. എന്നാൽ, മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ ഭീകരത വാക്കുകൾക്ക് അതീതമാണ്. ദുരന്തത്തിന് ഒരാണ്ട് പിന്നിടുമ്പോഴും മനസ്സിൽനിന്ന് ദയനീയ ചിത്രങ്ങൾ മായുന്നില്ല.
ഷിരൂരിൽ അർജുനെതേടിയുള്ള രക്ഷാദൗത്യത്തിൽ പങ്കാളിയായി വീട്ടിൽ മടങ്ങിയെത്തിയതിന്റെ പിറ്റേന്നാണ് വയനാട് ഉരുൾ ദുരന്തവാർത്തയറിയുന്നത്. കൈയിൽ 100 രൂപയേ ഉണ്ടായിരുന്നുള്ളൂ. അതുമായി കോഴിക്കോട്ടേക്ക് തിരിച്ചു. ചൂരൽമലയായിരുന്നു ലക്ഷ്യം. അതിനിടെയാണ് പോത്തുകൽ പൊലീസിന്റെ വിളി വരുന്നത്. ചാലിയാറിലൂടെ മൃതദേഹങ്ങൾ ഒഴുകിവരുന്നു. എത്രയും വേഗം നിലമ്പൂരെത്തണം. കോഴിക്കോടുനിന്ന് നിലമ്പൂരിലേക്ക് കുതിച്ചു. മൃതദേഹപരിപാലനത്തിൽ തന്റെ ഗുരുനാഥനായ കൊടവണ്ടി ഹമീദ്, താൻ എത്തുന്നതിന് മുമ്പുതന്നെ അവിടെ എത്തിയിരുന്നു. തുടർന്നുള്ള ഒരാഴ്ചക്കാലം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറി ഡ്യൂട്ടിയിലായിരുന്നു.
ചാലിയാറിൽനിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങൾ ഫ്രീസറിൽ എടുത്തുവെക്കുക, ആഭരണങ്ങളും വസ്ത്രങ്ങളും തെളിവായി സൂക്ഷിച്ച് പൊലീസിനെ സഹായിക്കുക, മൃതദേഹങ്ങളുടെ ഉടമസ്ഥരെ കണ്ടെത്താൻ സഹായിക്കുക, ആഭരണങ്ങൾ തിരിച്ചേൽപിക്കുക തുടങ്ങിയവയായിരുന്നു ഉത്തരവാദിത്തങ്ങൾ. ചോര മരവിപ്പിക്കുന്ന കാഴ്ചകളായിരുന്നു മോർച്ചറിയിലെങ്ങും. മുഴുവൻ ഉടലോടെയുള്ള മൃതദേഹങ്ങൾ അപൂർവം, ചിലത് കൈകാലുകൾ മാത്രം, പലതും അഴുകിയ നിലയിൽ, മിക്കതും തിരിച്ചറിയുക പ്രയാസം. ഓരോ മൃതദേഹങ്ങൾ വരുമ്പോഴും നെഞ്ച് പിടക്കുന്നു.
ഒരാഴ്ചത്തെ ആശുപത്രിവാസത്തിനിടയിൽ ഉറങ്ങിയത് ഏതാനും മണിക്കൂറുകൾ മാത്രം. തലേദിവസം വീട്ടിൽ സമാധാനപരമായി കിടന്നുറങ്ങിയവരാണ്. നേരം പുലർന്നപ്പോൾ എല്ലാം ഉരുളെടുത്തു. ആർത്തലച്ചെത്തിയ മലവെള്ളത്തോടൊപ്പം, മൃതദേഹങ്ങളെ കിലോമീറ്ററുകളാണ് ചാലിയാർ പുഴ ഒഴുക്കിക്കൊണ്ടുവന്നത്. സൂചിപ്പാറ വെള്ളച്ചാട്ടവും കടന്ന് മലവെള്ളത്തിൽ ഉതിർന്നുവന്ന കല്ലുകൾക്കിടയിലൂടെ നീങ്ങിയ മൃതദേഹങ്ങൾ എത്ര, ആരുടേത് ആർക്കും കൃത്യമായ കണക്കില്ല -ബഷീർ പറയുന്നു. 27 വർഷമായി മൃതദേഹ പരിപാലന രംഗത്ത് സേവനമനുഷ്ഠിക്കുന്ന ബഷീർ, താനൂർ ബോട്ടുദുരന്ത വേളയിലും കരിപ്പൂർ വിമാനാപകടത്തിലും കോവിഡ് കാലത്തും രക്ഷാദൗത്യവുമായി മുന്നിലുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.