ഇന്ന് ലോക മലേറിയ ദിനം; മൂന്നുവർഷം; ജില്ലയിൽ 117 കേസുകൾ
text_fieldsപാലക്കാട്: ജില്ലയിൽ കഴിഞ്ഞ മൂന്നുവർഷത്തിൽ റിപ്പോർട്ട് ചെയ്തത് 117 മലേറിയ (മലമ്പനി) കേസുകൾ. ഇതിൽ രണ്ടെണ്ണം തദ്ദേശീയ മലമ്പനി കേസുകളാണ്. 2023ൽ ഒരു മരണവും ഉണ്ടായി. ജില്ലയിൽ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തത് അലനല്ലൂർ, അമ്പലപ്പാറ, കുഴൽമന്ദം, കൊപ്പം എന്നീ ആരോഗ്യ ബ്ലോക്കുകളിലാണ്. 2024ൽ അമ്പലപ്പാറ ബ്ലോക്കിൽ മാത്രം എട്ടുപേർക്ക് രോഗം ബാധിച്ചു. ഈ വർഷം ഏപ്രിലിൽ ഇതുവരെ പുതിയ കേസുകളൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഈ മാസം ഇതുവരെ 54 കേസുകൾ സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ 214 പേർ മലമ്പനി ബാധിച്ച് ചികിത്സ തേടി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. മാർച്ചിൽ 45 കേസുകളാണ് ഉണ്ടായത്. ഈ വർഷം ജില്ലയിൽ 10 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലമ്പനി നിവാരണം യാഥാർഥ്യമാക്കാം; പുനർനിക്ഷേപിക്കാം, പുനർവിചിന്തനം നടത്താം, പുനരുജ്ജ്വലിപ്പിക്കാം എന്നതാണ് ഈ വർഷത്തെ സന്ദേശം.
എന്താണ് മലേറിയ
അനോഫിലിസ് എന്ന പെൺകൊതുക് കടിക്കുന്നതിലൂടെ മനുഷ്യരിലേക്ക് പകരുന്ന പ്ലാസ്മോഡിയം എന്ന പരാദമാണ് മലേറിയക്ക് കാരണമാകുന്നത്. അന്തർ സംസ്ഥാന തൊഴിലാളികൾ, നിർമാണ മേഖലകളിൽ ജോലി ചെയ്യുന്നവർ, മറ്റു സ്ഥലങ്ങളിൽനിന്ന് യാത്ര ചെയ്തുവരുന്നവർ, മലയോര മേഖലകളിൽ താമസിക്കുന്നവർ, റബർ, മറ്റു പ്ലാന്റേഷൻ സ്ഥലങ്ങളിൽ താമസിക്കുന്നവർ/ജോലി ചെയ്യുന്നവർ എന്നിവർക്ക് മലേറിയ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ രോഗം ബാധിച്ചവരെ കടിച്ച കൊതുകുകൾ ചുറ്റുമുള്ളവരെ കടിക്കുമ്പോൾ രോഗബാധക്ക് സാധ്യതയുമുണ്ട്.
ലക്ഷണങ്ങൾ
സങ്കീർണമല്ലാത്ത മലേറിയ, കഠിനമായ മലേറിയ എന്നിങ്ങനെ രണ്ട് തരത്തിലാണ് മലമ്പനി ലക്ഷണങ്ങളുള്ളത്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശീ വേദനയുമാണ് പ്രാരംഭ ലക്ഷണങ്ങൾ. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവർത്തിക്കുക, മനംപിരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാറുണ്ട്. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങൾ മാത്രമായും മലമ്പനി കാണാറുണ്ട്.
ജില്ലതല ഉദ്ഘാടനം ഇന്ന്
ലോക മലേറിയ ദിനാചരണ ജില്ലതല ഉദ്ഘാടനം വെള്ളിയാഴ്ച അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം ഹാളിൽ നടക്കും. കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ എ. ഷാബിറ അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി പ്രചാരണ റാലി, ചികിത്സാ പ്രോട്ടോകോൾ വിതരണം, ബോധവത്കരണ ക്ലാസ്, രോഗ പരിശോധന എന്നിവ സംഘടിപ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.