പതിനൊന്നുകാരന് സഹവാസികളുടെ ക്രൂര മർദനം
text_fieldsഅഗളി: 11 വയസ്സുകാരന് സഹവാസികളുടെ ക്രൂരമർദനം. പുതൂർ കാരത്തൂർ സ്വദേശിനി ഫൗസിയയുടെ ഏകമകനായ മുഹമ്മദ് അർഷദാണ് മർദനത്തിനിരയായത്. റാഗിങ്ങിനെ തുടർന്ന് ക്രൂരമർദനവും ഭീഷണിയുമായി സഹോദരങ്ങളായ പത്താം ക്ലാസുകാരാണ് മർദിച്ചത്. മണ്ണാർക്കാട് വട്ടമ്പലം ചക്കരക്കുളമ്പ് ദർസു-സആദ എന്ന സ്ഥാപനത്തിലാണ് സംഭവം.
ഒന്നര വർഷമായി ഇവിടെ താമസിച്ച് പഠിക്കുകയായിരുന്നു മർദനമേറ്റ മുഹമ്മദ് അർഷദും മർദിച്ച സഹോദരങ്ങളും. ഒരുമുറിയിലാണ് താമസം. ജൂലൈ ഒമ്പതുമുതൽ 11 വരെ തുടർച്ചയായ മൂന്നുദിവസങ്ങളിൽ അർഷദിനെ സഹോദരങ്ങൾ അകാരണമായി മർദിച്ചു. പലകയെടുത്ത് ശരീരത്തിലാകെ ഇരുവരും ചേർന്ന് ക്രൂരമായി മർദിച്ചു. പലക പൊട്ടുന്നത് വരെ ഈ മർദനം തുടർന്നുവത്രേ. കൈയിലും കാലിലും വയറിലും പുറത്തും തലയിലും രഹസ്യഭാഗങ്ങളിലും മർദനമേറ്റിട്ടുണ്ട്.
വായ്ക്കുള്ളിൽ വരെ മുറിപ്പാടുകളുണ്ട്. മർദനം നടന്നത് ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഭീഷണി ഭയന്ന് കുട്ടി ആരോടും മർദന വിവരങ്ങൾ പങ്കുവെച്ചില്ല. വീട്ടിലേക്ക് വിളിക്കുന്ന സമയത്ത് ഇരുവരും ഒപ്പമുണ്ടാകും. സ്കൂളിൽ സദാസമയം സഹപാഠി പിന്തുടരും. ആരോടെങ്കിലും പറയാ നുള്ള അവസരം അവർ നൽകിയിരുന്നില്ല -മർദനമേറ്റ് നീരുവെച്ച ചുണ്ടുകളനക്കി കുട്ടി നടന്ന സംഭവങ്ങൾ കഷ്ടപ്പെട്ട് വിവരിച്ചു.
ശരീരത്തിലെ പാടുകൾ ശ്രദ്ധിച്ച മതപഠന സ്ഥാപനത്തിലെ അധികൃതർ ചോദ്യം ചെയ്തപ്പോഴും കുട്ടി പേടിച്ച് അലർജിയാണെന്നായിരുന്നു മറുപടി നൽകിയത്. ശരീരത്തിലെ പാടുകൾ കണ്ട് സംശയം തോന്നിയ അധികൃതർ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് കാര്യങ്ങൾ അറിയിച്ചു.
ഇതിനെതുടർന്ന് അവിടെത്തിയ മുത്തശ്ശി കുട്ടിയെയും കൊണ്ട് അട്ടപ്പാടിയിലേക്ക് തിരിച്ചു. കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് കുട്ടിയിപ്പോൾ. മർദനം നടന്ന സ്ഥാപനത്തിലെ നടത്തിപ്പിനെതിരെ കുട്ടിയുടെ ബന്ധുക്കൾ ആരോപണമുന്നയിച്ചിട്ടുണ്ട്. മണ്ണാർക്കാട് പൊലീസ് ജുവനൈൽ ആക്ട് പ്രകാരം കേസെടുത്ത് തുടർനടപടി സ്വീകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.