സംസ്ഥാന കർഷക അവാർഡ്;' അബ്ബണ്ണൂർ ഉന്നതിയിലെ കർഷകർക്ക് ഉന്നത നേട്ടം
text_fieldsകൃഷി അസിസ്റ്റന്റ് ഡയറക്ടർ സി.ആർ. രേഖ, കൃഷി ഓഫിസർ ദീപ ജയൻ, അസി. കൃഷി ഓഫിസർ ആർ. ഇന്ദിരാ റാണി, കൃഷി അസിസ്റ്റന്റുമാരായ പി. വിജയകുമാർ, എസ്. ലക്ഷ്മി, അറ്റ്ഫാം എഫ്.പി.സിയ സി.ഇ.ഒ സുകന്യ എന്നിവർ അവാർഡിനർഹരായ അബ്ബണ്ണൂർ ഉന്നതിയിലെ മൂപ്പൻ പഴനിയുടെ നേതൃത്വത്തിലുള്ള കർഷകരോടൊപ്പം
അഗളി: ജൈവരീതികൾ ഉപയോഗിച്ചുള്ള കൃഷിക്ക് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച സന്തോഷത്തിലാണ് അട്ടപ്പാടി പുതൂർ അബ്ബണ്ണൂർ ഉന്നതിയിലെ കർഷകർ. മൂന്ന് ലക്ഷം രൂപയും പ്രശസ്തി ഫലകവും സാക്ഷ്യപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ഉന്നതിയുടെ ആകെയുള്ള 135 ഹെക്ടർ ഭൂമിയിൽ 124 ഹെക്ടറും കൃഷിഭൂമിയാണ്.
132 കുടുംബങ്ങളുള്ള ഈ ഉന്നതിയിൽ പകുതിയിലധികം കുടുംബങ്ങളുടെയും പ്രധാന വരുമാന മാർഗം കൃഷിയാണ്. 86 കർഷകർ ഉന്നതിയിലുണ്ട്. റാഗി, ചാമ, തിന, മണിച്ചോളം, കമ്പ് എന്നിവയും തുവര, അമര, വൻപയർ, ബീൻസ് പയറുവർഗങ്ങളും ഔഷധ സസ്യങ്ങളായ ഇരുവേലി, ആടലോടകം എന്നിവക്ക് പുറമെ കരനെല്ല്, ചോളം, കടുക്, വാഴ, കുരുമുളക്, കവുങ്ങ് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു. ഇവയിൽനിന്നെല്ലാമായി ഈ വർഷം 161.7 ടൺ വിളവെടുപ്പാണ് കർഷകർ നടത്തിയത്.
തരിശ് സ്ഥലങ്ങൾ വെട്ടിത്തെളിച്ച് റാഗി, ചാമ, തുവര, കടുക്, പൊരിച്ചീര എന്നീ അഞ്ചിനം വിളകളാണ് കൃഷി ചെയ്യുന്നത്. ‘പഞ്ചകൃഷി’ എന്നാണ് ഇതറിയപ്പെടുന്നത്. രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കുന്നില്ല. പൂർണമായും മഴയെ മാത്രം ആശ്രയിച്ചാണ് ഇവരുടെ കൃഷി. ചെറുധാന്യങ്ങൾ പൊടിക്കാൻ വീശുകല്ലുകളും കരനെല്ല് അരിയാക്കാൻ ഉലക്കയും ഉപയോഗിക്കുന്നു. വന്യമൃഗ ആക്രമണം അതിജീവിച്ച് ഇവർ നേടിയ നേട്ടത്തിന് നൂറുമേനി തിളക്കമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.