അലനല്ലൂരിൽ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ജനം ആശങ്കയിൽ
text_fieldsഅലനല്ലൂർ: പഞ്ചായത്തിൽ ഡെങ്കിപ്പനിയും വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തവും വ്യാപിക്കുന്നു. പടിക്കപ്പാടം, കോട്ടപ്പള്ള, മുണ്ടക്കുന്ന്, കൂമൻചിറ, പൊൻപാറ, കിളയപ്പാടം തുടങ്ങിയ പ്രദേശങ്ങളിൾ 15 പേർക്കാണ് മഞ്ഞപിത്തം സ്ഥിരീകരിച്ചത്. പൊൻപാറയിൽ ഒരാൾക്ക് ഡെങ്കി പനിയുമുണ്ട്. കോട്ടപ്പള്ളയിലെ ക്ലിനിക്കുകളിലും കച്ചവട സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടത്താനായിട്ടില്ല.
കല്യാണ സദ്യകളിൽനിന്ന് രോഗം പിടിപ്പെട്ടോ എന്ന പരിശോധന നടക്കുന്നു. മഞ്ഞപ്പിത്തം വ്യാപകമായതിൽ കിണറുകളിൽ ക്ലോറിനേഷൻ ചെയ്യണമെന്നും ബോധവൽകരണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഡെങ്കി റിപ്പോർട്ട് ചെയ്തതോടെ പ്രദേശത്തുകാർ ആശങ്കയിലാണ്.
ഇടക്കിടെയുളള വേനൽ മഴ കാരണം റബർ തോട്ടങ്ങളിലെ ചിരട്ടകളിലും, കമുകിൻ തോട്ടങ്ങളിലെ പാളകളിലും, കുഴികളിലും വെള്ളം കെട്ടിനിൽക്കുകയാണ്. ഇതോടെ കൊതുകളുടെ വർദ്ധന കൂടിയിരിക്കുകയാണ്. ഫോഗിങ് നടത്തിയും, വെള്ളം കെട്ടി നിൽക്കുന്നത് ഇല്ലാതാക്കാനുള്ള പ്രവർത്തനം നടത്തിയില്ലെങ്കിൽ ഡെങ്കി പനി പടർന്ന് പിടിക്കാൻ ഏറെ സാധ്യതയാണ്.
പഞ്ചായത്ത് ആരോഗ്യ പ്രവർത്തകരുടെ അടിയന്തിര യോഗം ബുധനാഴ്ച വിളിച്ചിട്ടുണ്ട്. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഉച്ചക്ക് രണ്ട് മണിക്കാണ് യോഗമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സജ്ന സത്താർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.