അലനല്ലൂർ പുലി ഭീതിയിൽ
text_fieldsപ്രതീകാത്മക ചിത്രം
അലനല്ലൂർ: ജനവാസ മേഖലയായ അലനല്ലൂർ കാട്ടുകുളം മില്ലുംപടിയിൽ പുലിയെ കണ്ടതായി വാഹന യാത്രക്കാർ പറഞ്ഞു. കുമരംപുത്തൂർ-ഒലിപ്പുഴ സംസ്ഥാന പാതയിൽനിന്ന് മാടമ്പി റോഡിലേക്ക് വാഹനം തിരിക്കുന്നതിനിടയിലാണ് പുലി ചാടിപ്പോകുന്നത് കണ്ടത്. വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് വനപാലകർ പ്രദേശത്ത് പരിശോധന നടത്തി. തിങ്കളാഴ്ച രാത്രി പത്തരക്ക് ശേഷമാണ് സംഭവം.
പ്രദേശത്ത് ആദ്യമായിട്ടാണ് പുലിയെ കാണുന്നത്. പുലിയെ കണ്ടതിന് സമീപം ഒരു വീട്ടിൽ രണ്ട് വളർത്താടുകളുണ്ടായിരുന്നു. അതിനെ പിടിക്കാൻ വന്നതായിരിക്കുമെന്നാണ് കരുതുന്നത്. വാഹനം വരുന്നതിനിടയിൽ ജീവരക്ഷാർഥം തൊട്ടടുത്ത കാടിലേക്ക് പുലി ചാടി പോവുകയായിരുന്നു. തിരുവിഴാംകുന്ന് വനമേഖലയിൽനിന്ന് വന്നതായിരിക്കാം എന്ന നിഗമനത്തിലാണ് നാട്ടുകാർ. പ്രദേശത്ത് പുലി ഭീതി പരന്നതോടെ നാട്ടുകാർ ഏറെ ഭയത്തിലാണ്. അതിരാവിലെ സ്കൂളുകളിലേക്കും മദ്റസകളിലേക്കും പോകുന്ന വിദ്യാർഥികൾക്ക് ഭീഷണിയാണ്.
എടത്തനാട്ടുകര ഉപ്പുകുളം വനമേഖലയോട് ചാരി കിടക്കുന്ന പൊൻപാറ, ചോലമണ്ണ്, മുണ്ടകുളം, കപ്പി, കോട്ടമല, വട്ടമല, പാണ്ടിക്കോട് എന്നിവിടങ്ങളിലും തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിന് സമീപവും മേക്കളപ്പാറ, കരടിയോട്, അമ്പലപ്പാറ, ചൂരിയോട് എന്നീ പ്രദേശങ്ങളിൽ മുമ്പ് നിരവധി തവണ പുലികളെ കണ്ടിരുന്നു. ഇവ വളർത്തുമൃഗങ്ങളെയും നായക്കളെയും കൊന്നുതിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

