ആനകൾ കാട് കയറുന്നില്ല; ചളവ നിവാസികൾക്ക് ഉറക്കമില്ലാത്ത രാവുകൾ
text_fieldsഎടത്തനാട്ടുകര ചളവ മലയിടിഞ്ഞിയിൽ കാടുപിടിച്ച്
കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലം
അലനല്ലൂർ: നേരം ഇരുട്ടും മുമ്പ് ആനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതിനാൽ ഭയമില്ലാതെ ഉറങ്ങാൻ കഴിയാത്ത അവസ്ഥയായി ചളവക്കാർക്ക്. ചൊവ്വാഴ്ച രാത്രി ഏഴോടെ മലയിടിഞ്ഞി, കുറ്റിക്കാട് ഭാഗത്ത് ആനക്കൂട്ടമിറങ്ങി. ആനകളുടെ ഉച്ചത്തിലുള്ള ചിന്നംവിളി കേട്ടതോടെ ദ്രുതകർമസേനയെ വിവരമറിയിച്ചു. അതിന് മുന്നോടിയായി കൃഷിയിടങ്ങളിലേക്ക് ആനകൾ ഇറങ്ങാതിരിക്കാൻ പടക്കം പൊട്ടിച്ച് കർഷകർ ആനകളെ വിരട്ടി ഓടിക്കാൻ ശ്രമിച്ചിരുന്നു.
ദ്രുതകർമസേനാംഗങ്ങൾ സംഭവസ്ഥലത്തെത്തുന്നതിന് മുമ്പായി ആനകൾ കാട്ടിലേക്ക് കേറിത്തുടങ്ങിയിരുന്നു. ദ്രുതകർമസേന ജനവാസ മേഖലകളിലേക്ക് ആനകൾ ഇറങ്ങാതിരിക്കാൻ കാവൽ നിന്നു. മലയിടിഞ്ഞി, കുറ്റിക്കാട് എന്നിവിടങ്ങളിലെ സ്വകാര്യ വ്യക്തികളുടെ കൃഷികൾ ആനകൾ നശിപ്പിച്ചതിനാൽ വർഷങ്ങളായി കൃഷി ഉപേക്ഷിച്ചു.
കൃഷി ഇല്ലാതായതോടെ ഇവിടെയെല്ലാം ഇടതൂർന്ന കാടുകളായി. സർക്കാർ വക കാടിന് പുറമെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുള്ള കാടുകളിൽ ആനകൾ സ്ഥിരമായി തമ്പടിച്ച് നിൽക്കാൻ തുടങ്ങി. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലെ കാടുകൾ വെട്ടി തെളിക്കാൻ നടപടികൾ എടുക്കാൻ ചളവ കർഷക സംഘം യൂനിറ്റിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, വനം വകുപ്പ്, റവന്യൂ വകുപ്പ് അധികാരികൾക്ക് നിവേദനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
ചെറുതല ഉദയകുമാർ, അഡ്വ. ബെന്നി അഗസ്റ്റിൻ, എം. പരമേശ്വരൻ, സി. ശ്രീധരൻ, പി. ശിവശങ്കരൻ, കെ. സേതുമാധവൻ, വിദ്യാനന്ദൻ, സുന്ദരൻ, അബ്ദു സലീം കൊടക്കാടൻ, കെ. ഫിറോസ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.