വെളിച്ചെണ്ണയിൽ കൈപൊള്ളി കായവറവ് വിപണി; നാടൻ കായക്കും ഡിമാൻഡ്
text_fieldsപാലക്കാട് നാരായണ ബേക്കറിയിലെ തൊഴിലാളി നൂറുദ്ദീൻ കായവറക്കുന്നു
പാലക്കാട്: വെളിച്ചെണ്ണ വിലയിൽ കൈപൊള്ളി നിൽക്കുകയാണ് ഓണക്കാലത്തെ കായവറവ് വിപണി. കായവറുത്തതും ശർക്കര വരട്ടിയും ഇല്ലാതെ ഓണം ആലോചിക്കാൻ വയ്യാത്തതിനാൽ വറവ് പായ്ക്കറ്റുകൾക്ക് കടകളിൽ ക്ഷാമമില്ല. എങ്കിലും കരുതലോടെയാണ് ഉപ്പേരിയുടെ വറുത്തു കോരൽ. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കായ ഉപ്പേരിക്ക് 20 മുതൽ 30 ശതമാനംവരെ വില കൂടിയിട്ടുണ്ട്. ഇത്തവണ വെളിച്ചെണ്ണ വില ലിറ്ററിന് 400 രൂപയ്ക്കു മുകളിലായതിനാൽ കായ വറുക്കലിന് ഓണക്കാലത്തെ വേഗം വന്നിട്ടില്ല. ഓർഡർ അനുസരിച്ച് മാത്രമേ പലയിടത്തും കായ വറുക്കുന്നുള്ളൂ.
വെളിച്ചെണ്ണയിൽ വറുത്ത കായ ഉപ്പേരിക്ക് കിലോയ്ക്ക് ഏകദേശം 460-480 രൂപയാണ് പാലക്കാട് നഗരത്തിലെ സാധാരണ കടകളിൽ വില. ശർക്കര വരട്ടിക്ക് 300-340 രൂപയും നാലു നുറുക്കിന് ചിപ്സിനേക്കാൾ 30 രൂപയോളം അധികവും നൽകണമെന്നും പാലക്കാട് നാരായണ ബേക്കറിയിലെ തൊഴിലാളി നൂറുദ്ദീൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞവർഷത്തേക്കാൾ കിലോയ്ക്ക് 100 രൂപയ്ക്കു മുകളിൽ വില കൂട്ടിയാണ് ഇത്തവണ കായവറവ് വിൽക്കുന്നത്.എന്നാൽ കാറ്ററിങ് സ്ഥാപനങ്ങളിൽ വിൽക്കുന്ന, വെളിച്ചെണ്ണയിൽ ഉണ്ടാക്കിയ വറവുകൾക്ക് 500 രൂപ വരെയാണ് വില. കായവറവിനും ശർക്കര വരട്ടിക്കും 500 രൂപയാണ് വിലയെന്ന് കാറ്ററിങ് സ്ഥാപന ഉടമയായ ശശി പറഞ്ഞു. ഓണസമ്മാന കിറ്റുകളിലേക്കും ഉപ്പേരി പാക്കറ്റുകൾ വിറ്റു പോകുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
വെളിച്ചെണ്ണ വിലയുടെ പൊള്ളലിൽ നേന്ത്രക്കായക്ക് തിളക്കം മങ്ങിയിട്ടുണ്ട്. പാലക്കാട് മാർക്കറ്റിൽ മൊത്ത വിപണിയിൽ കിലോയ്ക്ക് 40 രൂപയാണ് കായയുടെ വില. മേട്ടുപ്പാളയത്തു നിന്നാണ് നേന്ത്രക്കായ എത്തുന്നത്. നേർത്തതും വറുത്താൽ നല്ല നിറവും ലഭിക്കുന്ന മേട്ടുപ്പാളയം നേന്ത്രക്കായക്കാണ് ഡിമാൻഡ് കൂടുതൽ. നേന്ത്രക്കായ വിൽപനയിൽ ഇടിവ് വന്നതായും വ്യാപാരികൾ പറയുന്നു. എന്നാൽ ഓണാഘോഷങ്ങൾ ഉഷാറാകുന്ന വരും ദിവസങ്ങളിൽ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
പ്രതികൂല കാലാവസ്ഥയിൽ നാടൻ വാഴക്കുലകളുടെ ഉൽപാദനത്തിലുണ്ടായ കുറവു മൂലം വിപണി കീഴടക്കി തമിഴ്നാടൻ നേന്ത്രക്കുലകളാണ് മാർക്കറ്റിൽ അധികവും. ഓണസീസണിൽ ശർക്കര വരട്ടി, ഉപ്പേരി തുടങ്ങിയ തയ്യാറാക്കാൻ നാടൻ കായ്കൾക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും കിട്ടാനില്ലാത്ത സ്ഥിതിയാണ്.
കാലാവസ്ഥ വ്യതിയാനവും വാഴകൃഷി കുറഞ്ഞതുമാണ് കാരണം. ഇതോടെ, നാടൻ നേന്ത്രയുടെ വിപണി തമിഴ്നാടൻ കായക്കുലകൾ കീഴടക്കി. നാടൻ കായ കിലോയ്ക്ക് 80 രൂപ വരെ ഇപ്പോൾ ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. എന്നാൽ അതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കാത്ത സ്ഥിതിയാണ്.
മുൻവർഷങ്ങളിൽ നേന്ത്രക്കായ്ക്ക് ഉണ്ടായ വലിയ വിലയിടിവ് മൂലം ഇത്തവണ പല കർഷകരും കൃഷി ഇറക്കിയില്ല. പാട്ടത്തിന് കൃഷി ചെയ്തിരുന്നവരും പിൻവലിഞ്ഞു. കാലംതെറ്റി പെയ്യുന്ന മഴയും വാഴയ്ക്ക് നാശനഷ്ടം സംഭവിച്ചു. കാട്ടുമൃഗങ്ങളുടെ ശല്യവും ഇരട്ടിയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.