വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം; ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ രക്തബാങ്കിന് അനുമതി
text_fieldsഒറ്റപ്പാലം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ രക്തബാങ്കിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പച്ചക്കൊടി. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ) അന്തിമാനുമാനുമതി കഴിഞ്ഞ ദിവസമാണ് അഡ്വ. കെ. പ്രേംകുമാർ എം.എൽ.എക്ക് ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ ആരംഭിക്കുന്ന രക്തബാങ്കിൽ ശേഖരണം, സംസ്കരണം, സംഭരണം എന്നിവക്ക് അനുമതിയായി. ലൈസൻസ് നൽകിയ തീയതി മുതൽ വർഷത്തിൽ ഒരിക്കലെങ്കിലും സി.ഡി.എസ്.സി.ഒയുടെയും സംസ്ഥാന ലൈസൻസിങ് അതോറിറ്റിയുടെയും ഡ്രഗ്സ് ഇൻസ്പെക്ടർമാർ അടങ്ങുന്ന സംഘം, ആവശ്യമെങ്കിൽ വിദഗ്ധനെക്കൊണ്ട് ബ്ലഡ് സെന്റർ പുനഃപരിശോധന നടത്താവുന്നതാണെന്നും റിപ്പോർട്ട് ഡയറക്ടറേറ്റിലേക്ക് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഡ്രഗ് റൂളിലെ ഷെഡ്യൂളിൽ പറയുന്ന മുഴുവൻ വ്യവസ്ഥകളും പാലിച്ചിരിക്കണം. 80 മുതൽ 100 യൂനിറ്റ് വരെ രക്തം ബ്ലഡ് ബാങ്കിൽ സംഭരിക്കാനാവും. ദന്തവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് രക്തബാങ്ക് പ്രവർത്തിക്കുക. ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്.
അഞ്ച് വർഷം മുമ്പ് പി. ഉണ്ണി എം.എൽ.എയായിരിക്കെയാണ് ആശുപത്രിയിൽ രക്തബാങ്ക് ആരംഭിക്കാനുള്ള പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 73.51 ലക്ഷം രൂപ ചെലവിട്ട് രക്ത ബാങ്കിന് ആവശ്യമായ യന്ത്ര സംവിധാനങ്ങളും മറ്റു ഭൗതിക സാഹചര്യങ്ങളുടെ ക്രമീകരണങ്ങളും ഒരുക്കിയിട്ട് മാസങ്ങളായി. ദേശീയ ആരോഗ്യ ദൗത്യം മുഖേന ഡോക്ടർമാരെയും ജീവനക്കാരെയും രക്തബാങ്കിലേക്കായി നിയമിക്കുകയും ചെയ്തിരുന്നു. സി.ഡി.എസ്.സി.ഒയുടെ അനുമതി ലഭിക്കുന്നതിലെ കാലതാമസമാണ് പദ്ധതി നീളാൻ കാരണമായത്.
പ്രതിദിനം 60ലേറെ രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകിവരുന്ന ആശുപത്രിയാണിത്. പാലക്കാട് ജില്ല ആശുപത്രിയിലും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലുമാണ് നിലവിൽ രക്തബാങ്കുള്ളത്. രക്തം ആവശ്യമായ ഘട്ടങ്ങളിൽ ജില്ല ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. താലൂക്ക് ആശുപത്രിയിൽ രക്ത ബാങ്ക് യാഥാർഥ്യമാകുന്നതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ആശുപത്രിയിൽ രക്തബാങ്കിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി നഗരസഭ കൗൺസിലർ സി. സജിത്ത് ഈ ഓഫിസിൽ ജോലിചെയ്യുന്ന സൂരജ് മുഖേന കേന്ദ്ര ആരോഗ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന് അനുകൂല മറുപടിയാണ് ലഭിച്ചിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.