ചേറ്റൂർ ശങ്കരൻ നായർ: കോൺഗ്രസിന്റെ ആദ്യ മലയാളി മുഖം
text_fieldsചേറ്റൂർ ശങ്കരൻ നായർ
പാലക്കാട്: കോൺഗ്രസിന്റെ ആദ്യ മലയാളി മുഖമായ ചേറ്റൂർ ശങ്കരൻ നായരുടെ സ്മരണയിലാണ് നാട്. മങ്കരയിലെ ചേറ്റൂർ തറവാട്ടിൽ 1857 ജൂലൈ 11നായിരുന്നു ജനനം. ബ്രിട്ടീഷ് സർക്കാറിൽ തഹസിൽദാരായിരുന്ന ഗുരുവായൂർ മമ്മായിൽ രാമുണ്ണിപ്പണിക്കരും ചേറ്റൂർ പാർവതിയമ്മയുമായിരുന്നു മാതാപിതാക്കൾ. കോഴിക്കോട്ടും മദ്രാസിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1879ൽ നിയമബിരുദം നേടി. മദ്രാസ് സർക്കാറിന്റെ മലബാർ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈകോടതി ജഡ്ജി, ഇന്ത്യൻ യൂനിവേഴ്സിറ്റി കമീഷൻ അംഗം, സൈമൺ കമീഷനുമായി സഹകരിക്കാനുള്ള ഇന്ത്യൻ സെൻട്രൽ കമ്മിറ്റി അധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 1904ൽ കമാൻഡർ ഓഫ് ഇന്ത്യൻ എമ്പയർ എന്ന ബഹുമതി അദ്ദേഹത്തിന് നൽകിയ ബ്രിട്ടീഷ് സർക്കാർ 1912ൽ സർ പദവിയും നൽകി.
1897ൽ അമരാവതിയിലെ 13ാമത് കോൺഗ്രസ് സമ്മേളനത്തിലാണ് ചേറ്റൂർ ശങ്കരൻ നായർ അഖിലേന്ത്യ കോൺഗ്രസ് പ്രസിഡന്റായത്. ഗാന്ധിയുഗത്തിന്റെ ആരംഭത്തോടെ അദ്ദേഹം കോൺഗ്രസിൽ നിന്നകന്നു. ഗാന്ധിയുടെ നിയമലംഘന സമരമുറയെ ശങ്കരൻ നായർക്ക് അംഗീകരിക്കാനായില്ല. ഭരണഘടനാധിഷ്ഠിത മാർഗങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ മമത. ഗാന്ധി ആൻഡ് അനാർക്കി എന്നപേരിൽ എഴുതിയ ഗ്രന്ഥത്തിൽ ഗാന്ധിയൻ രീതികളെ ശക്തിയായി വിമർശിച്ചിരുന്നു. നിസ്സഹകരണ സമരത്തെയും ഖിലാഫത്ത് സമരം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തിയതിനെയും രൂക്ഷമായി ഇതിൽ വിമർശിച്ചു. 1934 മാർച്ചിലുണ്ടായ കാർ അപകടത്തിൽ ഗുരുതര പരിക്കേറ്റ അദ്ദേഹം ഏപ്രിൽ 24ന് അന്തരിച്ചു. ഭൗതികശരീരം ജന്മനാടായ മങ്കരയിലെത്തിച്ച് തറവാട്ട് ശ്മശാനത്തിൽ സംസ്കരിച്ചു.
ഹരിയാനയിലെ യമുനാനഗറിൽ നടന്ന പൊതുചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശസ്നേഹിയും രാഷ്ട്രതന്ത്രജ്ഞനും അഭിഭാഷകനുമായിരുന്ന ചേറ്റൂർ ശങ്കരൻ നായരെ കുറിച്ച് പഠിക്കണമെന്ന് പറഞ്ഞതും അതിന്റെ തുടർച്ചയെന്നോണം പ്രധാനമന്ത്രിയുടെ പ്രത്യേക നിർദേശാനുസരണം കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി ചേറ്റൂരിന്റെ കുടുംബങ്ങളെ സന്ദർശിച്ചതുമാണ് അനുസ്മരണ ചടങ്ങുകൾ ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് സംസാരിക്കുമ്പോഴാണ് നരേന്ദ്രമോദി ചേറ്റൂരിനെ അനുസ്മരിച്ചത്. 1919ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല കേസ് ചേറ്റൂർ ശങ്കരൻ നായർ വ്യക്തിപരമായി ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. പഞ്ചാബ് ഗവർണറായിരുന്ന മൈക്കേൽ ഒ ഡയർ ആണ് ആ കൂട്ടക്കൊലക്ക് ഉത്തരവാദിയെന്നായിരുന്നു ചേറ്റൂരിന്റെ പരസ്യനിലപാട്. തനിക്ക് ബ്രിട്ടനിൽ മാനനഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ച് ഡയർ ചേറ്റൂരിനെതിരെ ഇംഗ്ലണ്ടിലെ കോടതിയിൽ കേസ് ഫയൽ ചെയ്തു. വിധി അദ്ദേഹത്തിന് എതിരായെങ്കിലും ഇന്ത്യൻ ജനതക്ക് ബ്രിട്ടീഷ് നിലപാടുകളിലെ ഇന്ത്യ വിരുദ്ധത തിരിച്ചറിയാൻ ഈ സംഭവം സഹായിച്ചു.
വിവാദത്തിൽ ‘കേസരി- ചാപ്റ്റർ 2’ സിനിമയും
ഇംഗ്ലണ്ടിൽ ഡയറിന് എതിരെ ചേറ്റൂർ നടത്തിയ നിയമപോരാട്ടത്തിന്റെ കഥ പറയുന്ന ‘കേസരി- ചാപ്റ്റർ 2’ എന്ന ബോളിവുഡ് സിനിമയും പുതിയ വിവാദങ്ങൾക്ക് കാരണമായി. ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ് കുമാർ നായകനായ ചിത്രം ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ നൂറ്റിയാറാം വർഷത്തിലാണ് സിനിമയാകുന്നത്. ചേറ്റൂരിന്റെ പേരക്കുട്ടികൾ എഴുതിയ പുസ്തകത്തെ ആസ്പദമാക്കിയാണ് തിരക്കഥ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.