കൂട്ടായ്മയുടെ കരുത്തിൽ പാലപ്പുറത്ത്; ‘ഹലോ’ മിനി പാർക്ക് ഒരുങ്ങുന്നു
text_fieldsനിർമാണം പുരോഗമിക്കുന്ന പാലപ്പുറത്തെ ‘ഹലോ’ പാർക്ക്
ഒറ്റപ്പാലം: പൊതു കളിസ്ഥലങ്ങളോ വിനോദോപാധികളോ ഇല്ലാത്ത ഒറ്റപ്പാലം നഗരസഭ പരിധിയിൽ കൂട്ടായ്മയുടെ കരുത്തിൽ ‘ഹലോ’ മിനി പാർക്ക് യാഥാർഥ്യമാകുന്നു. പാലപ്പുറം ഹലോ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്വപ്നപദ്ധതി ഒരുങ്ങുന്നത്. ആരോഗ്യകരമായ ജീവിത ശൈലിക്കും സൗഹൃദസംഗമങ്ങൾക്കും കുട്ടികളുടെ വിനോദത്തിനും ഒരുപോലെ ഇടം നൽകുന്ന പദ്ധതി രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രഭാത-സായാഹ്ന സവാരിക്കുള്ള സൗകര്യം, ഷട്ടിൽ ബാഡ്മിന്റൺ കോർട്ട്, കുട്ടികൾക്കായി വിനോദ-കായിക കളിയിടങ്ങൾ, വിശ്രമിക്കാനും സൗഹൃദം പങ്കുവെക്കാനുമുള്ള സല്ലാപ ബെഞ്ചുകൾ തുടങ്ങിയവക്ക് പുറമെ ജൈവകൃഷി അടിസ്ഥാനമാക്കിയുള്ള പച്ചക്കറി തോട്ടവും പദ്ധതിയിൽ ഉൾപ്പെടും. ഹലോ റെസിഡൻസ് അസോസിയേഷന് പാർക്ക് യാഥാർഥ്യമാക്കുന്നതിന് മുഖ്യ തടസ്സമായിരുന്നത് അനുയോജ്യമായ സ്ഥലമില്ലാത്തതായിരുന്നു. പ്രദേശവാസിയായ സ്ഥലമുടമ പാട്ടം വ്യവസ്ഥയിൽ 70 സെൻറ് നൽകിയതോടെയാണ് പാർക്ക് പദ്ധതിക്ക് ചിറക് മുളച്ചത്.
മൂന്ന് പതിറ്റാണ്ടിലേറെയായി കാടുമൂടി കിടന്ന സ്ഥലം മണ്ണുമാന്തിയുടെ സഹായത്തോടെ നിരപ്പാക്കി. സ്ഥലത്ത് ഉപയോഗശൂന്യമായി കിടന്നിരുന്ന കിണർ വുത്തിയാക്കുകയും പാർക്കിന്റെ നിർമാണ പ്രവൃത്തികൾക്ക് തുടക്കം കുറിക്കുകയുമായിരുന്നു. നിർമാണ പ്രവൃത്തികൾക്ക് ഇതുവരെ അസോസിയേഷന്റെ സ്വന്തം ഫണ്ടാണ് ചെലവിട്ടിട്ടുള്ളത്.
വ്യക്തികളും സംഘടനകളും പാർക്കിലേക്കുള്ള വിവിധ ഉപകരണങ്ങൾ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. സംസ്ഥാനതല കായികമത്സരങ്ങൾക്ക് പോലും പ്രയോജനപ്പെടുത്താവുന്ന മനോഹരമായ ജംപിങ് പിറ്റും പദ്ധതിയിൽ എടുത്തുപറയേണ്ടതാണ്. കൂട്ടായ്മയിലെ ഒരംഗം സംഭാവന ചെയ്ത 5.5 സെൻറിൽ ഓഫിസിനൊട് ചേർന്ന് നിർമിച്ച ഹാളിൽ ഏഴ് വർഷമായി കളരിപ്പയറ്റും സംഗീത ക്ലാസും നടത്തിവരുന്നുണ്ട്. 2015ലാണ് അസോസിയേഷൻ രൂപം കൊണ്ടത്. ഇതിനിടയിൽ നിരവധി പുരസ്കാരങ്ങളാണ് സംഘടനയെ തേടിയെത്തിയത്.
2024-25 വർഷത്തെ സംസ്ഥാനത്തെ മികച്ച റെസിഡൻസ് അസോസിയേഷനായി തെരഞ്ഞെടുത്തതിനെ തുടർന്ന് ലക്ഷം രൂപ മുൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയിൽ നിന്ന് അസോസിയേഷന് ലഭിച്ചിരുന്നു. പ്രായഭേദമില്ലാതെ പ്രയൊജനപ്പെടുത്താവുന്ന പാർക്ക് പാലപ്പുറത്തിന്റെ സാമൂഹിക ജീവിതത്തിന് പുത്തനുണർവാകുമെന്നാണ് പ്രതീക്ഷയെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയിൽ നിന്ന് അംഗീകാരം നേടുകയെന്നതാണ് അടുത്ത ലക്ഷ്യമെന്നും അസോസിയേഷൻ പ്രസിഡൻറ് കെ.പി. മുരളീധരൻ പറഞ്ഞു. ദഫ് മുട്ട്, തിരുവാതിരക്കളി, കരോക്കെ, കളരിപയറ്റ്, ഭജൻ ടീമുകളും കൂട്ടായ്മക്കുണ്ട്. ഞായറാഴ്ച വൈകുന്നേരം അഞ്ചിന് വി.കെ. ശ്രീകണ്ഠൻ എം.പി പാർക്ക് നാടിന് സമർപ്പിക്കും.

