ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷമായിട്ടും പ്രവൃത്തികൾ തീരാതെ ഗായത്രി പുഴയിലെ തൂക്കുപാലം
text_fieldsഗായത്രി പുഴക്ക് കുറുകെയുള്ള തൂക്ക് പാലം
ആലത്തൂർ: തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് ഗായത്രി പുഴക്ക് കുറുകെ നിർമിച്ച തൂക്കുപാലം ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും പദ്ധതിയിലെ അനുബന്ധ നിർമാണങ്ങൾ തീരുന്നില്ല. തൃപ്പാളൂർ കുനിശ്ശേരി റോഡിൽ തേനാരിപ്പറമ്പിൽ നിന്ന് ഗായത്രി പുഴക്ക് അക്കരെയുള്ള ശിവക്ഷേത്രത്തിലേക്കാണ് അഞ്ചു കോടി രൂപ ചെലവിൽ തൂക്കുപാലവും അനുബന്ധ നിർമാണങ്ങളും നടത്തുന്ന പദ്ധതി ആരംഭിച്ചത്. തൂക്ക് പാലം നിർമിച്ച് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉദ്ഘാടനം നടത്തിയിരുന്നു. ഈ സമയം പാലത്തിന്റെ കൈവരികളുടെ ചില ഭാഗത്തെ കമ്പികളുടെ വെൽഡിങ് വിട്ടത് വിവാദമായിരുന്നു. പിന്നീടത് ശരിയാക്കി.
ശിവരാത്രി, ദീപാവലി, കർക്കിടക വാവ് ദിവസങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് ക്ഷേത്രത്തിൽ എത്തുക. തൃപ്പാളൂരിൽ നിന്ന് പുഴക്ക് അക്കരെയുള്ള ക്ഷേത്രം കാണുമെങ്കിലും മൂന്ന് കിലോമീറ്റർ ചുറ്റിയാണ് നേരത്തേ അമ്പലത്തിലേക്ക് ആളുകൾ എത്തിയിരുന്നത്. തൂക്കുപാലം യാഥാർഥ്യമായതോടെ എളുപ്പത്തിലും സമയ കുറവിലും ക്ഷേത്രത്തിൽ എത്താമെന്നായി. ക്ഷേത്രത്തിന് മുന്നിലെ പുഴയിൽ കുളിക്കടവ്, ബലിക്കടവ് എന്നിവയുടെ നിർമാണമാണ് ഇപ്പോഴും തീരാതെ കിടക്കുന്നത്.
കോഫി ഷോപ്പ്, തൂക്ക് പാലത്തിന്റെ ക്ഷേത്ര ഭാഗത്തെ അപ്രോച്ച് റോഡ്, നാല് ഹൈമാസ്റ്റ് ലൈറ്റ്, 10 മിനി മാസ്റ്റ് ലൈറ്റ്, ജലസംഭരണി, കുട്ടികളുടെ പാർക്ക്, സുരക്ഷ ക്രമീകരണം എന്നിവയുടെ നിർമാണം തുടങ്ങിയിട്ടില്ല. എല്ലാ പ്രവൃത്തികൾക്കും പദ്ധതിയിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും വൈകിയാലും പ്രവൃത്തികൾ പൂർത്തികരിക്കുമെന്നുമാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

