പാലക്കാട്ടെ യുവാക്കളുടെ മരണം; ഷോക്കേറ്റത് കാട്ടുപന്നിക്കായി ഒരുക്കിയ കെണിയിൽനിന്ന്
text_fieldsസതീഷ്, ഷിജിത്ത്, അറസ്റ്റിലായ ആനന്ദ് കുമാർ
പാലക്കാട്: കരിങ്കരപ്പുള്ളിയിലെ വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ രണ്ട് യുവാക്കൾ മരിച്ചത് ഷോക്കേറ്റതിനെത്തുടർന്നാണെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. സ്ഥലമുടമ പന്നിക്കായി ഒരുക്കിയ വൈദ്യുതക്കെണിയിൽപ്പെട്ടാണ് പുതുശ്ശേരി കാളാണ്ടിത്തറയിൽ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവർ മരിച്ചത്. സ്ഥലമുടമ ആനന്ദ് കുമാറിനെ (46) അറസ്റ്റ് ചെയ്തു. വയർ കീറിയ ശേഷം മൃതദേഹങ്ങൾ പാടത്ത് കുഴിയെടുത്ത് കുഴിച്ചിട്ടത് ഇയാളാണെന്ന് പാലക്കാട് ജില്ല പൊലീസ് സൂപ്രണ്ട് ആർ. ആനന്ദ് പറഞ്ഞു.
അടിപിടിക്കേസിലുൾപ്പെട്ട സതീഷ്, ഷിജിത്ത്, അഭിൻ, അജിത്ത് എന്നിവരെത്തേടി തിങ്കളാഴ്ച പുലർച്ചെ കസബ പൊലീസ് പ്രദേശത്തെത്തിയിരുന്നു. പൊലീസ് വാഹനം കണ്ടതോടെ സതീഷും ഷിജിത്തും പാടത്തേക്ക് ഓടി. പിറ്റേന്ന് കസബ സ്റ്റേഷനിൽ കീഴടങ്ങിയ മറ്റ് രണ്ട് പേർ സതീഷിനെയും ഷിജിത്തിനെയും കാണാനില്ലെന്ന് പരാതിപ്പെട്ടു. ഇവരെ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച വൈകീട്ട് അമ്പലപ്പറമ്പ് പാൽനീരി കോളനിക്ക് സമീപത്തെ പാടത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഒരാളുടെ കാലിന് മുകളിൽ മറ്റൊരാളുടെ തല വരുന്ന രീതിയിൽ ഒന്നിന് മുകളിൽ ഒന്നായാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. വസ്ത്രം ഉണ്ടായിരുന്നില്ല.
കാട്ടുപന്നി ശല്യംതടയാൻ താൻ സ്ഥാപിച്ച വൈദ്യുതക്കെണിയിൽപ്പെട്ടാണ് യുവാക്കൾ മരിച്ചതെന്നും പരിഭ്രാന്തിയിൽ കുഴിച്ചിട്ടതാണെന്നും സ്ഥലമുടമ ആനന്ദ്കുമാർ മൊഴി നൽകി. സ്ഥലമുടമ പാടത്ത് കുഴിയെടുക്കുന്നത് കണ്ടതായി സമീപവാസികളും മൊഴി നൽകി. ചതുപ്പിൽ കുഴിച്ചുമൂടിയ മൃതദേഹങ്ങൾ പൊങ്ങിവരാതിരിക്കാനാണ് കത്തികൊണ്ട് വയർ കീറിയതത്രെ. യുവാക്കളുടെ വസ്ത്രങ്ങൾ അഴിച്ചെടുത്ത്, സമീപത്തെ മലമ്പുഴ മെയിൻ കനാലിൽ ഉപേക്ഷിച്ചു. പ്രദേശത്തെ കനാലിന് സമീപത്ത് നിന്ന് യുവാക്കളുടെ ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തി.
തെക്കേംകുന്നം സ്വദേശി മണികണ്ഠന്റെയും ഉദയകുമാരിയുടെയും മകനായ ഷിജിത്ത് പെയിന്റിങ് തൊഴിലാളിയാണ്. സഹോദരങ്ങൾ: രഞ്ജിത്ത്, ശ്രീജിത്ത്. കാളാണ്ടിത്തറയിൽ കൃഷ്ണകുമാരിയുടെയും പരേതനായ മാണിക്യന്റെയും മകനാണ് സതീഷ്. കൂലിപ്പണിക്കാരനാണ്. ദീപയാണ് സഹോദരി. മൃതദേഹങ്ങൾ ബുധനാഴ്ച വൈകീട്ട് ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.