അധികാരക്കൈമാറ്റത്തില്‍ ഞെരുങ്ങി ചാലിശ്ശേരി
text_fieldsപ്രതീകാത്മക ചിത്രം
ആനക്കര: ചാലിശ്ശേരിയിൽ തുടര്‍ച്ചയായി രണ്ട് തവണ യു.ഡി.എഫ് പഞ്ചായത്ത് ഭരിച്ചെങ്കിലും രണ്ട് തവണയും പാതിവഴിയില്‍ ഭരണക്കൈമാറ്റം വേണ്ടിവന്നത് മുന്നണിയിലെ കെട്ടുറപ്പില്ലായ്മയെ സൂചിപ്പിക്കുന്നു. ഇടതില്‍നിന്ന് അധികാരം തിരിച്ചുപിടിച്ച 2015-‘20 കാലഘട്ടത്തില്‍ ഏഴ് കോണ്‍ഗ്രസും ഒരു ലീഗുമായി എട്ട് പേര്‍ ഭരണരംഗത്തും ഏഴുപേരുമായി സി.പി.എം പ്രതിപക്ഷത്തുമായിരുന്നു. എന്നാല്‍ അന്ന് കോണ്‍ഗ്രസിന് അധികാരം ഉറപ്പിക്കാൻ പാതിവര്‍ഷം പകുത്തുനല്‍കാന്‍ ലീഗുമായി ഒരു ഉടമ്പടി വേണ്ടിവന്നു.
ടി.കെ. സുനില്‍ കുമാര്‍ പ്രസിഡന്‍റായിരിക്കെ പാതിവര്‍ഷം കഴിഞ്ഞതോടെ ലീഗ് അംഗം പ്രസിഡന്‍റ് സ്ഥാനത്തേക്ക് വരാന്‍ ശ്രമിച്ചെങ്കിലും ഉടമ്പടിയെ ചൊല്ലി മുന്നണിയില്‍ പ്രശ്നം തുടങ്ങി. എന്നാല്‍ 2019ല്‍ ലീഗ് പിന്തുണ പിന്‍വലിച്ച് അവിശ്വാസം കൊണ്ടുവന്നതോടെ സി.പി.എം പിന്തുണയോടെ ലീഗിലെ ഫൈസല്‍ പ്രസിഡന്‍റും സി.പി.എമ്മിലെ ആനിവിന് വൈസ് പ്രസിഡന്‍റുമായി കാലാവധി പൂര്‍ത്തിയാക്കി.
2020-‘25ല്‍ വീണ്ടും യു.ഡി.എഫ് മുന്നണി അധികാരത്തില്‍ വന്നു. അപ്പോഴും കക്ഷിനില എട്ടും ഏഴുമായി തുടര്‍ന്നു. എസ്.സി ജനറല്‍ ആയതിനാല്‍ കോണ്‍ഗ്രസിനകത്ത് ആളില്ലാതെ വന്നതോടെ എസ്.സി വനിതയായ സന്ധ്യയെ പ്രസിഡന്‍റാക്കി. ഭരണം കൈമാറാനുള്ള ആവശ്യം ലീഗ് മുന്നോട്ടുവച്ചു. സ്ഥാനം രാജിവക്കാനുള്ള പാര്‍ട്ടി ആവശ്യത്തോട് പ്രതിഷേധിച്ച പ്രസിഡന്‍റ് സന്ധ്യ വാര്‍ഡംഗ സ്ഥാനം ഉള്‍പ്പടെ രാജിവച്ചു. തുടര്‍ന്ന് ആറാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുകയും ലീഗ് സ്വതന്ത്രനായി മത്സരിച്ച വിജേഷ് കുട്ടന്‍ വിജയിച്ച് പ്രസിഡന്‍റാകുകയും ചെയ്തു. ഇത്തവണ ലീഗ് കൂടുതല്‍ സീറ്റില്‍ മത്സരിക്കാനുള്ള നീക്കത്തിലാണ്.
പഞ്ചായത്തിലെ പ്രഥമകേന്ദ്രമായ 15ാം വാര്‍ഡ് അങ്ങാടി യു.ഡി.എഫിന്‍റെ സിറ്റിങ് സീറ്റായിരിക്കെ രണ്ടുതവണയും സി.പി.എമ്മിലെ ആനി വിനു പിടിച്ചു. ഇത്തവണ മൂന്നാം ഊഴത്തിന് ആനി വിനു രംഗത്തുണ്ട്. ഈ വാര്‍ഡില്‍ ലീഗിന്‍റെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത് റീന പോളാണ്. 16 തെക്കേക്കര നിലവില്‍ കോണ്‍ഗ്രസ് വാര്‍ഡാണ്. അവിടെ ഇത്തവണ ലീഗിലെ ഹമീദ് കോണി ചിഹ്നത്തിലാണ് മത്സരം.
സി.പി.എമ്മിനെതിരെ ആലിക്കരയില്‍ സി.പി.ഐയുടെ ചിഹ്നത്തില്‍ കണ്ണന്‍ മത്സരിക്കുന്നുണ്ട്. പ്രസിഡന്റ് പദവി ജനറല്‍ വനിത സംവരണമാണെന്നിരിക്കെ യു.ഡി.എഫ് പട്ടിശ്ശേരിയിൽ മൂന്നാം തവണ മത്സരിക്കുന്ന റംല വീരാന്‍കുട്ടിയെയും ഇടതുപക്ഷം അങ്ങാടി വാര്‍ഡിലെ ആനി വിധുവിനെയുമാണ് ഉയര്‍ത്തികാണിക്കുന്നത്. സമുദായപ്രശ്നം രൂക്ഷമായതിനാല്‍ മൃദുസമീപനം തുടരുന്ന സി.പി.എമ്മിന് അനുകൂലമായി ഭരണസാരഥ്യം കൊണ്ടുവരാനും അണിയറ നീക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

