വ്യാജ ബോംബ് ഭീഷണി; ആദ്യം ആശങ്ക, പിന്നീട് തമാശ
text_fieldsപാലക്കാട്: കലക്ടറേറ്റിൽ ബോംബ് ഭീഷണി എന്ന് കേട്ടതോടെ ജീവനക്കാർ ആദ്യമൊന്ന് ഞെട്ടി. ഉച്ചക്ക് രണ്ട് മണിയോടെ ബോംബ് പൊട്ടുമെന്നായിരുന്നു ഇ-മെയിൽ സന്ദേശം. വിവരമറിഞ്ഞവർ ആദ്യം തമാശയാണെന്നും മോക് ഡ്രിൽ ആണെന്നുമെല്ലാമാണ് കരുതിയത്. എന്നാൽ ബോംബ് കണ്ടെത്താനായി ഡോഗ് സ്ക്വാഡും പൊലീസ് സന്നാഹവും അഗ്നിരക്ഷ സേനയുമെല്ലാം എത്തിയതോടെയാണ് സംഗതി കാര്യമാണെന്ന് സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് ഉറപ്പായത്.
കലക്ടറേറ്റിലെ ജീവനക്കാരെയെല്ലാം ഒഴിപ്പിച്ച് സ്ക്വാഡ് പരിശോധന തുടങ്ങിയതോടെ വിവരം അറിഞ്ഞ് മാധ്യമപ്രവർത്തകരും സ്ഥലത്തെത്തി. ഉച്ചഭക്ഷണ സമയത്തായിരുന്നു പരിശോധന എന്നതിനാൽ പലരും ഭക്ഷണം കഴിക്കാൻ പറ്റാതിരുന്നതിനെ കുറിച്ച് പരാതിപ്പെട്ടു.
ദിവസങ്ങൾക്ക് മുമ്പ് പാലക്കാട് ആർ.ഡി.ഒ ഓഫിസിലും സമാനരീതിയിൽ ബോംബ് ഭീഷണി ഉണ്ടായിരുന്നു. എന്നാൽ പരിശോധനയിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി. അതുകൊണ്ട് ആദ്യം ആശങ്കയിലായിരുന്ന ജീവനക്കാർ പിന്നീട് ചിരികളികളിലേക്ക് വഴിമാറി. സ്ക്വാഡിന്റെ പരിശോധനയും സ്നിഫർ ഡോഗിന്റെ സഞ്ചാരവും കൗതുകപൂർവം നോക്കുകയായിരുന്നു എല്ലാവരും. മിക്ക വകുപ്പുകളിലെയും ജീവനക്കാർ കസേരകൾ വിട്ട് പുറത്ത് വന്നുനിന്ന് കാഴ്ചകൾ കണ്ടു.
എല്ലാവരുടെയും ചർച്ചകളിൽ നിറഞ്ഞുനിന്നത് ബോംബും പരിശോധനയുമായിരുന്നു. ഈ സമയം പുറത്തുനിന്നും നിരവധി പേർ വിവിധ ആവശ്യങ്ങൾക്കായി സിവിൽ സ്റ്റേഷനിലേക്ക് എത്തുന്നുണ്ടായിരുന്നു. അകത്ത് ബോംബിനായി തെരച്ചിൽ നടക്കുമ്പോഴും പുറത്ത് ആളുകളെ സിവിലിലേക്ക് പ്രവേശിക്കുന്നത് തടയാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. അവസാനം രണ്ട് മണിയായിട്ടും സംശയാസ്പദമായി ഒന്നും കിട്ടാതിരുന്നതോടെ വ്യാജ ബോംബ് ഭീഷണി തമാശയായി ആസ്വദിച്ച് ജീവനക്കാർ ജോലി തിരക്കുകളിലേക്ക് മടങ്ങി.
ജില്ല ഭരണ സിരാകേന്ദ്രത്തെ മുൾമുനയിൽ നിർത്തി മൂന്ന് മണിക്കൂർ
പാലക്കാട്: ജില്ല ഭരണ സിരാകേന്ദ്രത്തെ മുൾമുനയിൽ നിർത്തി മൂന്നുമണിക്കൂർ. രാവിലെ ഏഴരയോടെ തമിഴ്നാട് റിട്രീവൽ ട്രൂപ്പിന്റെ പേരിലെ ഇ-മെയിൽ സന്ദേശം എത്തിയിരുന്നെങ്കിലും മെയിൽ തുറന്ന് നോക്കിയത് 11 മണിക്ക് ശേഷമാണ്. പഹൽ ഗാമിന്റെ പേരിലായതിനാൽ പൊലീസും ബോംബ് സ്ക്വാഡും അഗ്നിശമന സേനയും കലക്ടറേറ്റ് കോമ്പൗണ്ടിലേക്ക് ഇരച്ചെത്തി.
പൊലീസും ദുരന്ത നിവാരണ സേനയും 11.30ഒാടെ ജീവനക്കാരെ ഓഫിസുകളിൽനിന്ന് ഒഴിപ്പിച്ചു. കലക്ടറുടെ ചേംബറിൽ തുടങ്ങി വാഹന പാർക്കിങ് മേഖല വരെ അരിച്ചുപെറുക്കി. ‘നിക്കി’ എന്ന പൊലീസ് നായുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വാഹനങ്ങൾ തിങ്ങിനിറഞ്ഞ കോമ്പൗണ്ടിലേക്ക് ജീവനക്കാർ ഇറങ്ങിയതോടെ കലക്ടറേറ്റ് പരിസരം നിൽക്കാനിടമില്ലാത്ത അവസ്ഥയിലായി. ബോംബ് പൊട്ടുമെന്ന് മുന്നറിയിപ്പ് പ്രകാരം രണ്ട് മണിയായതോടെ പൊലീസ് എത്തി കലക്ടറേറ്റ് മുൻഭാഗത്ത് തടിച്ചുകൂടിയവരെ നീക്കി. തുടർന്ന് വി.കെ. ശ്രീകണ്ഠൻ എം.പിയും കലക്ടർ ജി. പ്രിയങ്കയും ചേർന്ന് ഇ മെയിൽ സന്ദേശം വ്യാജമാണെന്ന് അറിയിച്ചതോടെ പൊലീസ് സംഘം പിരിഞ്ഞുപോയി.
തുടർക്കഥയായി വ്യാജ ബോംബ് ഭീഷണികൾ
പാലക്കാട്: രാജ്യം ഓരോ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമയത്ത് വ്യാജ ബോബ് ഭീഷണികൾ എത്തുന്നത് തലവേദയാകുന്നു. പുൽവാമയുടെ പേരിലാണ് വ്യാഴാഴ്ച പാലക്കാട് കലക്ടറേറ്റിലേക്ക് വ്യാജ ബോംബ് ഭീഷണി എത്തിയത്. തമിഴ്നാട് റിട്രീവൽ ട്രൂപ്പിന്റെ പേരിൽ വന്ന ഇ-മെയിലിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൂടിയായ കിരുത്തിക ഉദയനിധിക്കെതിരായ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പിൻവലിക്കണമെന്നാരുന്നു പ്രധാന ആവശ്യം.
പത്രപ്രവർത്തകൻ സവുക്ക് ശങ്കറിനെതിരായ നടപടികളിൽ തീരുമാനമുണ്ടാകണം എന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനിടെ രണ്ടാംതവണയാണ് നഗരത്തിലെ പ്രധാന ഓഫിസുകളിൽ വ്യാജ ബോംബ് ഭീഷണി ഉണ്ടാകുന്നത്. കഴിഞ്ഞ 16ന് ആർ.ഡി.ഒ ഓഫിസ് മെയിൽ ഐഡിയിലേക്കാണ് വ്യാജ ഭീഷണി സന്ദേശം എത്തിയത്. മുംബൈ ഭീകരാക്രമണ കേസിൽ എൻ.ഐ.എയുടെ കസ്റ്റഡിയിലുള്ള തഹാവൂർ റാണ വാർത്തകളിൽ ഇടം നേടിയപ്പോഴാണ് റാണയുടെ പേരിലെ ഇ-മെയിലിലൂടെ ഭീഷണി സന്ദേശം തൃശൂർ ജില്ല കലക്ടറേറ്റിലെത്തിയത്.
എറണാകുളം ഹൈകോടതിയിൽ വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തിയത് മദ്രാസ് ടൈഗേഴ്സ് എന്ന ഇ-മെയിൽ നിന്നായിരുന്നു ഭീഷണി. അഫ്സൽ ഗുരുവിന് വേണ്ടിയായിരുന്നു തിരുവനന്തപുരം, പത്തനംതിട്ട കലക്ടറേറ്റുകളിലേക്കുള്ള ബോംബ് ഭീഷണികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.