സപ്ലൈകോയുടെ അനാസ്ഥ; കർഷകർക്ക് അനുവദിച്ച പി.ആർ.എസ് വായ്പ ബാങ്ക് തിരിച്ചുപിടിച്ചു
text_fieldsആലത്തൂർ: വയോധികയായ വനിത കർഷകക്ക് നൽകിയ പി.ആർ.എസ് വായ്പ സപ്ലൈകോയുടെ അനാസ്ഥ കാരണം ബാങ്ക് തിരിച്ചുപിടിച്ചു. നെല്ലിന്റെ വില കിട്ടാതെ വലയുന്ന കാവശ്ശേരി ആനമാറിയിൽ ഇന്ദിര പത്മനാഭനിൽ (73) നിന്നാണ് വായ്പ തിരിച്ചുപിടിച്ചത്. 2024-25ൽ രണ്ടാം വിളയുടെ നെല്ല് ഇവർ സപ്ലൈകോക്ക് നൽകിയിരുന്നു. ഇതിന്റെ വില 3,44,981 രൂപ പി.ആർ.എസ് വായ്പയായി പഴമ്പാലക്കോട് കനറ ബാങ്ക് ശാഖ നൽകിയിരുന്നു. ഒരു വർഷത്തിനകം പലിശ സഹിതം സപ്ലൈകോ തിരിച്ചടക്കുമെന്ന വ്യവസ്ഥയിലാണ് ബാങ്ക് വായ്പ നൽകിയത്.
എന്നാൽ, നിശ്ചിത സമയത്തിനകം സപ്ലൈകോ പണം ബാങ്കിന് നൽകിയില്ല. ഇതേ തുടർന്ന് ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്ന 1,751 രൂപ ബാങ്ക് പിടിച്ചെടുത്തു. ബാക്കി സംഖ്യ 3,43,229 രൂപ അക്കൗണ്ടിൽ മൈനസായി രേഖപ്പെടുത്തുകയും ചെയ്തു. 2025-26 രണ്ടാം വിളയുടെ നെല്ലും ഇവർ സപ്ലൈകോക്ക് നൽകിയിരുന്നു. ഇതിന്റെ സംഖ്യ ലഭിക്കാൻ സർക്കാർ വ്യവസ്ഥയനുസരിച്ച് പി.ആർ.എസ് നൽകിയത് ബാങ്ക് നിരസിച്ചപ്പോഴാണ് ഇവർ ഇക്കാര്യങ്ങളറിയുന്നത്.
പ്രശ്നം സപ്ലൈകോ അധികൃതരെ അറിയിച്ചപ്പോൾ 2025-26ലെ നെല്ലിന്റെ വിലയായ 3,08,730 രൂപ വായ്‌പയല്ലാതെ അനുവദിക്കാമെന്ന് പറയുകയും അതേ അക്കൗണ്ടിലേക്ക് തന്നെ സംഖ്യ അയക്കുകയുമായിരുന്നു. ഇതോടെ ഈ തുക പൂർണമായി ബാങ്ക് പൂർണമായി വായ്പ ബാധ്യതയിലേക്ക് ഈടാക്കുകയായിരുന്നു. 34,499 രൂപ ഇനിയും ബാങ്കിലേക്ക് അടക്കമെന്നാണ് കാണിക്കുന്നത്. പ്രശ്നത്തിൽ എത്രയും വേഗം പരിഹാരം ആവശ്യപ്പെട്ട് സപ്ലൈകോ അധികൃതർക്ക് കത്ത് നൽകിയിരിക്കുകയാണ് ഇന്ദിര.

