പഞ്ചായത്ത് ഓഫിസിന് മുന്നിൽ സമരവുമായി മുൻ ജീവനക്കാരി
text_fieldsപി.ജെ. ഷമീറ കരിമ്പ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തിയ സമരം
കല്ലടിക്കോട്: തന്നെ ഒഴിവാക്കിയതിന് രേഖാമൂലം കാരണം ബോധിപ്പിക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കരിമ്പ പഞ്ചായത്ത് ആയുർവേദ ഡിസ് പെൻസറിക്ക് മുന്നിൽ താൽക്കാലിക ജീവനക്കാരിയുടെ സമരം. വ്യാഴാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ പ്ലക്കാർഡുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആയുർവേദ ഡിസ്പെൻസറിയിലെ മുൻ താൽകാലിക ജീവനക്കാരിയായിരുന്ന പി.ജെ. ഷമീറയാണ് സമരം ചെയ്‌തത്.
2011 മുതൽ ജോലി ചെയ്തിരുന്ന ഷമീറയെ 2025 ജൂലൈയിലാണ് അന്നത്തെ ഭരണസമിതി ജോലിയിൽ നിന്ന് മാറ്റി നിർത്തിയത്. തുടർന്ന് പുതിയ ഭരണസമിതി അധികാരത്തിലെത്തിയതോടെ ഇവരെ തിരിച്ചെടുത്തില്ല. മാത്രമല്ല പുതിയ ജീവനക്കാരെ നിയമിക്കുകയും ചെയ്‌തു. ഇവർ പഞ്ചായത്തിനെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തുടർന്നാണ് വ്യാഴാഴ്ച രാവിലെ ഡിസ്പെൻസറിയിൽ കയറിയിരിക്കാൻ ശ്രമിച്ചത്.
കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി മാറ്റി. ഇതോടെ മതിലിന് പുറത്ത് സമരം തുടർന്നു. സമരം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, വൈസ് പ്രസിഡന്റ് വി.എം. അബ്ദുൾ ഖാദർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ.ഷൈജു എന്നിവർ പറഞ്ഞു. പുതിയ ഭരണസമിതി ചുമതലയേൽക്കുമ്പോൾ ഷമീറ ജോലിയിൽ ഉണ്ടായിരുന്നില്ല. താൽക്കാലിക നിയമനങ്ങൾക്ക് സർക്കാർ നിശ്ചയിച്ച മാനദണ്ഡപ്രകാരം 40 വയസ്സിൽ താഴെയുള്ളവരെ മാത്രമേ നിയമിക്കാൻ കഴിയൂവെന്ന് അവർ പറഞ്ഞു.

