കാട്ടാനകൾ ജനവാസ മേഖലയിൽ; കൃഷി നശിപ്പിച്ചു
text_fieldsകരിമ്പ മണലി മൂശ്ശാരിപ്പറമ്പിൽ സോജന്റെ ക്യഷിയിടത്തിലെ കമുകുകൾ കാട്ടാന നശിപ്പിച്ച നിലയിൽ
കല്ലടിക്കോട്: മലയോര മേഖലയിൽ കാട്ടാനകളുടെ പരാക്രമം. നിരവധി കർഷകരുടെ വിളകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു. കരിമ്പ ഗ്രാമപഞ്ചായത്തിലെ മൂന്നേക്കറിന് സമീപം കരിമല, മണലി, ഇടപറമ്പ്, ചുള്ളിയാംകുളം എന്നിവിടങ്ങളിലും അടുത്ത പ്രദേശങ്ങളിലുമാണ് കാട്ടാന ഒറ്റക്കും കൂട്ടായും ജനവാസ മേഖലക്കടുത്ത് കൃഷിയിടങ്ങളിലെ വിള നശിപ്പിക്കാനെത്തിയത്.
കരിമ്പ മൂന്നേക്കർ തുടിക്കോട് മണലി മൂശ്ശാരിപ്പറമ്പിൽ സോജന്റെ ക്യഷിയിടത്തിലെ കമുകുകൾ ഞായറാഴ്ച പുലർച്ചെ കാടിറങ്ങിയ കാട്ടാനകൾ നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പത്തിലധികം കർഷകരുടെ വിളകളാണ് കാട്ടാന കലിയിൽ നിലം പൊത്തിയത്. വാഴ, തെങ്ങ്, നാടൻ വിളകൾ എന്നിവയാണ് നശിപ്പിച്ചത്. കാട്ടാന ജനവാസ മേഖലയിലിറങ്ങിയാൽ പ്രദേശവാസികൾ ദ്രുത പ്രതികരണ സേനയുടെ സഹായം തേടാറുണ്ട്.
ആർ.ആർ.ടി സ്ഥലത്തെത്തി ഒരു ഭാഗത്തെ കാട്ടാനകളെ തുരത്തിയാൽ ഇതേ ആനകൾ മറ്റൊരിടത്ത് എത്തി കൃഷി നശിപ്പിക്കുകയാണ്. സൗരോർജ പ്രതിരോധവേലിയില്ലാത്ത പ്രദേശങ്ങളിലൂടെയാണ് കാട്ടാനകൾ നാട്ടിലിറങ്ങുന്നതെന്ന് കർഷകർ പറയുന്നു. കാട്ടാനകൾ അടക്കമുള്ള വന്യമൃഗശല്യം പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

