ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിൽ നിന്നും പിന്തിരിയണമെന്ന് കേരള പ്രൈവറ്റ് ക്ലിനിക്ക് അസോസിയേഷൻ സംസ്ഥാന പ്രവർത്തകസമിതി
text_fieldsമണ്ണാർക്കാട്: ചെറുകിട ക്ലിനിക്കുകളും ആശുപത്രികളും അടച്ചുപൂട്ടി കോർപ്പറേറ്റ് വൽക്കരണം നടപ്പാക്കാൻ സഹായിക്കുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിൽ നിന്നും പിന്തിരിയണമെന്ന് കേരള പ്രൈവറ്റ് ക്ലിനിക്ക് അസോസിയേഷൻ സംസ്ഥാന പ്രവർത്തകസമിതി ആവശ്യപ്പെട്ടു.
ഗ്രാമീണ മേഖലയിൽ ചെറിയ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കുന്ന ചെറുകിട ക്ലിനിക്കുകളും ആശുപത്രികളും നിലനിൽക്കേണ്ടത് പൊതുജനാരോഗ്യത്തിന് അനിവാര്യമാണ്. കോർപ്പറേറ്റുകളുടെ കടന്നുവരവോടെ ഗ്രാമീണ മേഖലയിൽ ചുരുങ്ങിയ ചിലവിൽ ഏറ്റവും അടുത്ത് പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതിനെയും രോഗിയുടെ ആരോഗ്യ വീണ്ടെടുപ്പിനാശ്യമായ ഇടപെടലുകളെയും പുതിയ ബില്ലുകൾ സാരമായി ബാധിക്കുമെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
മാത്രമല്ല കുത്തകകളുടെ വരവോടുകൂടി ചികിത്സാ ചെലവ് ചുരുങ്ങുകയല്ല പതിന്മടങ്ങ് ഉയരുകയാണ് ചെയ്യുകയെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാവുന്ന ചെറുകിട ഇടത്തരം ആശുപത്രികൾക്കും നിലനിൽക്കാൻ സാധിക്കുന്ന രീതിയിൽ മാത്രമേ ഈ നിയമം പ്രാബല്യത്തിൽ വരുത്താവൂ എന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വിദേശ നിക്ഷേപ കമ്പനികൾ ആരോഗ്യരംഗത്തെ വിഴുങ്ങുന്ന സാഹചര്യത്തിൽ ചെറുകിട ക്ലിനിക്കുകളുടെയും ആശുപത്രികളുടെയും നിലനിൽപ്പ് ആരോഗ്യരംഗത്തിന് അനിവാര്യമാണ്.
ദിനവും ജനങ്ങളെ ബാധിക്കുന്ന ചെറിയ അസുഖങ്ങൾക്ക് പോലും വൻകിട കോർപ്പറേറ്റ് ആശുപത്രികളെ സമീപിക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥയിൽ നിന്നും സാധാരണക്കാരെ രക്ഷിക്കേണ്ട ബാധ്യത അധികാരികൾക്കുണ്ട്. അതുകൊണ്ട് തന്നെ ചെറുകിട ആശുപത്രികളെയും ക്ലിനിക്കുകളെയും ബാധിക്കാത്ത തരത്തിൽ ബില്ലിൽ ആവശ്യമായ ഭേദഗതിക്ക് തയ്യാറാവണം എന്നും യോഗം ആവശ്യപ്പെട്ടു.
ബില്ലിൽ ഭേദഗതി ആവശ്യപ്പെട്ട് ഇന്ന് ഐ.എം.എ നടത്തുന്ന പൊതുജനാരോഗ്യ സംരക്ഷണ ദിനവുമായി സഹകരിക്കുമെന്നും കേരള പ്രൈവറ്റ് പോളി ക്ലിനിക് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ബഷീർ പട്ടിക്കാട് അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത്, അഷറഫ്, ഹുസൈൻ, മൂസക്കുട്ടി, നബീൽ അഹമ്മദ്, ഫൈസൽ, മുഹമ്മദ് ഷാഫി, അബ്ദുൽ വഹാബ്, ടി.പി സിദ്ദിഖലി, ഷാജഹാൻ നാട്ടുകൽ, മുജീബ് റഹ്‌മാൻ, ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

