കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്ക്: 525 പേര്‍ക്ക് തൊഴില്‍
text_fieldsകോഴിപ്പാറയിലെ കിൻഫ്ര മെഗാ ഫുഡ് പാർക്ക്
പാലക്കാട്: കോഴിപ്പാറയില്‍ കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്ക് പൂര്‍ണ പ്രവര്‍ത്തനക്ഷമമായി. 300 കോടിയുടെ നിക്ഷേപവും 525 പേര്‍ക്ക് നേരിട്ടുള്ള തൊഴിലവസരങ്ങളുമാണ് പാര്‍ക്ക് മുഖേന നടപ്പിലായത്. കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ മെഗാ ഫുഡ് പാര്‍ക്ക് സ്കീമിന്റെ ഭാഗമായി കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പറേഷനാണ് (കിന്‍ഫ്ര) പദ്ധതി നടപ്പാക്കിയത്. 105.36 കോടി രൂപ ചെലവില്‍ 79.42 ഏക്കര്‍ സ്ഥലത്താണ് ആധുനിക വ്യവസായ പാര്‍ക്ക് ഒരുക്കിയിട്ടുള്ളത്. കോള്‍ഡ് സ്റ്റോറേജ്, പാക്ക് ഹൗസ്, റൈപ്പനിങ് ചേംബര്‍, സ്പൈസ് പ്രോസസിങ് ഫെസിലിറ്റി, വെയര്‍ഹൗസുകള്‍, സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി കെട്ടിടം, അഡ്മിന് ബില്‍ഡിങ് കോംപ്ലക്സ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും ലഭ്യമാണ്. പാര്‍ക്കിലെ മൂന്ന് വെയര്‍ഹൗസുകളും കോള്‍ഡ് സ്റ്റോറേജും ഇതിനോടകം പൂര്‍ണമായി പ്രവര്‍ത്തിക്കുന്നുണ്ട്.
2020 ആഗസ്റ്റ് 20ന് നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ച ഈ ഫുഡ് പാര്‍ക്കില്‍ 39 യൂനിറ്റുകള്‍ക്കായി 50.22 ഏക്കര്‍ ഭൂമി പൂര്‍ണമായി അനുവദിച്ചു കഴിഞ്ഞു. ഇതില്‍ 23 യൂനിറ്റുകള്‍ ഉൽപാദനം ആരംഭിക്കുകയും മറ്റ് യൂനിറ്റുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. സ്പൈസ് എക്സ്ട്രാക്ഷന്‍, ഫുഡ് േഫ്ലവറുകള്, ബേക്കറി ചേരുവകള്‍, ഉഴുന്ന് മാവ്, പരിപ്പ്, ഡീകാഫിനേറ്റഡ് ടീ, കറിപ്പൊടികള്‍, അരിപ്പൊടി, ഐസ്ക്രീം, ചിപ്സ്, വെര്‍ജിന്‍ വെളിച്ചെണ്ണ തുടങ്ങിയ വിവിധതരം ഭക്ഷ്യോല്പന്നങ്ങള് നിര്‍മിക്കുന്നതിനുള്ള യൂനിറ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.