ചെക് പോസ്റ്റും പരിശോധനയുമില്ല; കേരളത്തിലേക്കുള്ള കുറുക്കുവഴിയായി ചെമ്മണാമ്പതി
text_fieldsചെമ്മണാമ്പതി തമിഴ്നാട് പൊലീസ് ചെക് പോസ്റ്റിൽ കേരളത്തിലേക്ക് കടക്കാനായി നിർത്തിയിട്ട ചരക്ക് ലോറികൾ
കൊല്ലങ്കോട്: ചെമ്മണാമ്പതി വഴി കേരളത്തിലേക്ക് ചരക്ക് വാഹനങ്ങളുടെ വരവ് വർധിക്കുന്നു. മോട്ടോർ വാഹന ചെക് പോസ്റ്റ് ഇല്ലാത്തതിനാൽ അമിത ഭാരം കയറ്റിയ ലോറികൾ ഇതുവഴി വ്യാപകമായി കേരളത്തിലേക്ക് വരുന്നുണ്ട്. ഇവിടെ ജി.എസ്.ടി പരിശോധനയും ഇല്ല. എക്സൈസ് ചെക് പോസ്റ്റ് ഇല്ലാത്തതും ചരക്ക് വാഹനങ്ങളെ ആകർഷിക്കുന്നു. മുമ്പ് വാണിജ്യനികുതി ചെക് പോസ്റ്റ് പ്രവർത്തിച്ചിരുന്നത് ജി.എസ്.ടി നടപ്പിലായപ്പോൾ എടുത്തുമാറ്റി. ചെമ്മണാമ്പതി കാമ്പ്രത്ത്ച്ചള്ള റോഡിൽ മൂച്ചങ്കുണ്ട് പ്രദേശത്ത് എക്സൈസ് ചെക് പോസ്റ്റും കന്നുകാലി പരിശോധന ചെക് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പരിശോധന വഴിപാടാണ്. അതിർത്തിയിൽ നിന്ന് ആറ് കിലോമീറ്റർ മാറി സ്ഥാപിച്ച എക്സൈസ് ചെക് പോസ്റ്റ് ഒഴിവാക്കാനായി വാഹനങ്ങൾ ഊടുവഴികളിലൂടെയാണ് കേരളത്തിലേക്ക് കടക്കുന്നത്.
നിരവധി ചരക്ക് വാഹനങ്ങളിൽ അമിതഭാരം കയറ്റി സാധനങ്ങൾ കടത്തി കൊണ്ടുവരുന്നതായും നാട്ടുകാർ പറഞ്ഞു. എക്സൈസ് ചെക് പോസ്റ്റിൽ വാഹന പരിശോധന പേരിനു മാത്രമായതിനാൽ ഇതുവഴി സ്പിരിറ്റ് ഒഴുകുന്നത് തടയിടാനും സാധിച്ചിട്ടില്ല. കഴിഞ്ഞവർഷം ചെമ്മണാമ്പതി വഴി കേരളത്തിലേക്ക് വന്ന വാഹനങ്ങളിൽ നിന്ന് രണ്ടുതവണ സ്പിരിറ്റ് പിടികൂടിയിരുന്നു.
അതിർത്തിയിൽ അത്യാധുനിക സംവിധാനത്തോടെയുള്ള എക്സൈസ് ചെക് പോസ്റ്റും മോട്ടോർ വാഹന വകുപ്പിന്റെ ചെക് പോസ്റ്റും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങൾ തമിഴ്നാട് പൊലീസ് ആണ് പരിശോധിക്കുന്നത്. വാഹനത്തിൽ കയറി സാധനങ്ങളും രേഖകളും പരിശോധിച്ച് അമിതഭാരമുണ്ടെന്ന് തോന്നുകയാണെങ്കിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വേ ബ്രിഡ്ജ് വരെ പോയി തൂക്കം നോക്കി അമിത ഭാരത്തിന് പിഴയീടാക്കിയാണ് നടപടി സ്വീകരിക്കുന്നത്. എന്നാൽ, കേരളത്തിൽ ഇത്തരം നടപടികളൊന്നും ഇല്ലാത്തതിനാൽ എല്ലാ വാഹനങ്ങൾക്കും വരാനുള്ള കുറുക്കുവഴിയായി ചെമ്മണാമ്പതി മാറിയിട്ടുണ്ട്. ഇതിന് പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.