മണ്ണാര്‍ക്കാട്-ചിന്നത്തടാകം അന്തര്‍സംസ്ഥാന പാത; തെങ്കര ചിറപ്പാടം-നെല്ലിപ്പുഴ റോഡ് ടാറിങ് ഈ മാസം അവസാനത്തോടെ
text_fieldsനെല്ലിപ്പുഴ അട്ടപ്പാടി റോഡിലെ പ്രവൃത്തികൾ ആരംഭിച്ചപ്പോൾ
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് -ചിന്നത്തടാകം അന്തര്‍സംസ്ഥാന പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഒന്നാം റീച്ചിലെ രണ്ട് കിലോമീറ്ററോളം വരുന്ന ഭാഗത്തെ ടാറിങ് പ്രവൃത്തികള്‍ ഈമാസം അവസാനത്തോടെ തുടങ്ങാന്‍ നീക്കം. തെങ്കര ചിറപ്പാടം മുതല്‍ നെല്ലിപ്പുഴ വരെയുള്ള ഭാഗത്ത് ടാറിങ് നടത്താനാണ് നടപടി തുടങ്ങിയത്.
ഇതിന്റെ ഭാഗമായി ആണ്ടിപ്പാടത്ത് റോഡിന്റെ ഉപരിതലം ടാറിങ്ങിനായി പരുവപ്പെടുത്തുന്ന പ്രവൃത്തികളാരംഭിച്ചു. കലുങ്ക് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതും മറ്റും കാരണം ഇവിടെ 300 മീറ്റര്‍ ദൂരത്തിലാണ് ടാറിങ് പ്രവൃത്തികള്‍ തടസ്സപ്പെട്ടിരുന്നത്. റോഡിന്റെ ഒരുവശത്ത് ജി.എസ്.ബി മിശ്രിതമിട്ട് ഉപരിതലമൊരുക്കുകമാണ്. മറുവശത്ത് റോഡിന്റെ രൂപഘടനയൊരുക്കുന്ന പ്രവൃത്തികളുമാണ് നടക്കുന്നത്.
ഇതുകൂടാതെ തെങ്കര സ്കൂളിന് സമീപം 70 മീറ്ററര്‍ ദൂരത്തിലും ചിറപ്പാടം ഭാഗത്ത് ഒന്നര കിലോമീറ്ററോളം ഭാഗത്തുമാണ് ടാറിങ് നടത്തുക. ഇതോടെ അന്തര്‍സംസ്ഥാന പാതയുടെ ആദ്യ റീച്ചായ എട്ടുകിലോമീറ്ററില്‍ ആറുകിലോമീറ്റര്‍ ദൂരത്തില്‍ ഒന്നാം പാളി ടാറിങ് പൂര്‍ത്തിയാകും.
തെങ്കര മുതല്‍ നെല്ലിപ്പുഴ മുതല്‍ ടാറിങ് കഴിയുന്ന മുറക്ക് ആനമൂളി ഭാഗത്തേക്ക് ടാറിങ്ങിനായി റോഡിന്റെ ഉപരിതലമൊരുക്കുന്ന പ്രവൃത്തികൾ ആരംഭിക്കുമെന്ന് കെ.ആര്.എഫ്.ബി അധികൃതര്‍ അറിയിച്ചു. ചിറപ്പാടം ഭാഗത്ത് ആഗസ്റ്റ് മാസത്തിലാണ് ഒന്നര കിലോമീറ്റര്‍ ദൂരം റോഡ് ടാറിങ്ങിനായി പരുവപ്പെടുത്തിയത്. ഇവിടെ പ്രവൃത്തികള്‍ മുടങ്ങിയത് യാത്രാക്ലേശം രൂക്ഷമാക്കിയിരുന്നു. റോഡ് പണി പുനരാരംഭിക്കാന്‍ വൈകിയത് വലിയ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി. അതേസമയം, നിലവില്‍ ടാർ തയാറാക്കുന്നതിനുള്ള പ്ലാന്റ് ലഭ്യമാകാത്ത പ്രതിസന്ധിയുമുണ്ട്.
തെങ്കരയിലുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയുടെ പ്ലാന്റ് ലഭ്യമാക്കുന്നതിനായുള്ള ചര്‍ച്ച നടത്തിവരുന്നതായി അധികൃതര്‍ അറിയിച്ചു. തെങ്കര മുതല്‍ ആനമൂളി വരെയുള്ള പാതയോരത്തെ മരങ്ങളും മുറിച്ചുനീക്കുന്നുണ്ട്. ആനമൂളി ഭാഗത്തായാണ് കലുങ്ക് പ്രവൃത്തികളും നടക്കുന്നത്. 44 കോടി രൂപ ചെലവില്‍ 2023 ആഗസ്റ്റിലാണ് ആദ്യഘട്ട പ്രവൃത്തികള്‍ ആരംഭിച്ചത്. പണികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ പലതവണ കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കി. ഈവര്‍ഷം ഡിസംബറോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് കരാറുകാരന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

