ഓട്ടന്തുള്ളലിൽ അരങ്ങേറി രണ്ടാം ക്ലാസുകാരി
text_fieldsചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിൽ നടന്ന
ശിവനന്ദ പ്രദീപിന്റെ തുള്ളൽ അരങ്ങേറ്റം
ഒറ്റപ്പാലം: ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിൽ നടന്ന രണ്ടാം ക്ലാസുകാരി ശിവനന്ദ പ്രദീപിന്റെ തുള്ളൽ അരങ്ങേറ്റം കൗതുകമായി. താളത്തിനൊത്ത നൃത്തച്ചുവടും ഭാവാഭിനയവും കൊണ്ട് കുരുന്ന് ബാലിക സദസ്സിനെ കൈയിലെടുത്തു. പൂരത്തിന് മുന്നോടിയായി നടന്ന തെക്കുമംഗലം ദേശക്കൂത്തിനോടനുബന്ധിച്ചായിരുന്നു അരങ്ങേറ്റം. കല്യാണ സൗഗന്ധികം തുള്ളലിലെ അര മണിക്കൂർ നീളുന്ന സന്ദർഭമാണ് ശിവനന്ദ ശീതങ്കൻ വേഷത്തിൽ നിറഞ്ഞാടിയത്. പിതാവ് കുഞ്ചൻ സ്മാരകം പ്രദീപും കലാമണ്ഡലം ശിവദാസുമായിരുന്നു പിന്നണിയിൽ.
അധ്യാപകനും തുള്ളൽ കലാകാരനുമായ കുഞ്ചൻ സ്മാരകം പ്രദീപ് മറ്റുകുട്ടികൾക്കായി നടത്തുന്ന ഓട്ടന്തുള്ളൽ പരിശീലനം നോക്കിക്കണ്ട് വശത്താക്കിയ പരിചയത്തിലായിരുന്നു അരങ്ങേറ്റ മോഹം ഉദിച്ചതെന്ന് പിതാവ് പറയുന്നു. സഹോദരി ശിവാനി പ്രദീപിന്റെ ഓട്ടന്തുള്ളൽ പ്രകടനം പ്രചോദനവുമായി. കുഞ്ഞുതലക്ക് പാകത്തിൽ കിരീടം ഒരുക്കാൻ കഴിയാത്തതിനാലാണ് ഓട്ടന്‍തുള്ളലിന് പകരം ശീതങ്കൻ തെരഞ്ഞെടുത്തത്. മൃദംഗം സുരേഷ് കുമാർ കിള്ളിക്കുറുശ്ശിമംഗലവും ഇടക്ക കലാമണ്ഡലം മുകേഷും കൈകാര്യം ചെയ്തു. മാതാവ്: എസ്. രമ്യ. ഒറ്റപ്പാലം എൽ.എസ്.എൻ ജൂനിയർ സ്കൂളിലെ വിദ്യാർഥിനിയാണ് ശിവനന്ദ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.