ഒറ്റപ്പാലത്ത് ഡിജിറ്റൽ സർവേക്ക് തുടക്കം
text_fieldsഒറ്റപ്പാലം: ഡിജിറ്റൽ സർവേക്ക് ഒറ്റപ്പാലത്ത് തുടക്കം. ഒറ്റപ്പാലം ഒന്ന് വില്ലേജ് ഓഫിസ് പരിധിയിൽ വരുന്ന കണ്ണിയംപുറത്തെ വാർഡുകൾ കേന്ദ്രീകരിച്ചാണ് സർവേ വകുപ്പ്, ഭൂരേഖ വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ ഡിജിറ്റൽ സർവേ നടക്കുന്നത്.
കണ്ണിയംപുറത്തെ സർവേ പൂർത്തിയാകുന്ന മുറക്ക് സൗത്ത് പനമണ്ണ, വരോട്, തോട്ടക്കര, വാടാനാംകുറുശ്ശി, ഒറ്റപ്പാലം നഗര പ്രദേശം എന്നിവിടങ്ങളിൽ സർവേ നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഒറ്റപ്പാലം നഗരത്തിലെ സർവേ കഴിയുന്നതോടെ ലക്കിടി പഞ്ചായത്തിൽ ജോലികൾ ആരംഭിക്കും.
സർക്കാർ സർവെയർമാരായി രണ്ട് പേരെ റവന്യു വകുപ്പ് നിയോഗിച്ചിട്ടുമുണ്ട്. ആറു മാസത്തിനകം സർവേ നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ മഴ ഉൾപ്പടെയുള്ള കാലാവസ്ഥ വ്യതിയാനങ്ങൾ ജോലിയെ പ്രതികൂലമായി ബാധിക്കുമെന്നതിൽ പൂർത്തീകരണം വൈകുമോ എന്ന ആശങ്കയുമുണ്ട്. ആർ.ടി.കെ (റിയൽ ടൈം കൈൻമാറ്റിക്) യന്ത്രത്തിന്റെ സഹായത്തോടെയാണ് ഡിജിറ്റൽ സർവേ നടന്നുവരുന്നത്.
ഡിജിറ്റൽ സർവേ സമ്പൂർണമാകുന്നതോടെ ഭൂമി സംബന്ധമായി നിലനിക്കുന്ന തർക്കങ്ങൾക്ക് പരിഹാരമാകും. സർവേക്കായി എത്തുന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന വസ്തുവിന്റെ ആധാരം, നികുതി അടച്ച രശീതി, മൊബൈൽ നമ്പർ എന്നിവ നൽകണമെന്നും മൊബൈലിലേക്ക് സന്ദേശമായി എത്തുന്ന വെരിഫിക്കേഷൻ കോഡ് ഉദ്യോഗസ്ഥർക്ക് കൈമാറണമാറേണ്ടതെന്നും ആധികൃതർ പറഞ്ഞു. കൈവശ ഭൂമിയുടെ അതിരുകൾ സർവേ ഉദ്യോഗസ്ഥർക്ക് വ്യക്തമാക്കി കൊടുക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.