വ്യാജ ടിക്കറ്റ് നൽകി ലോട്ടറി വിൽപനക്കാരനെ വഞ്ചിച്ചു
text_fieldsവിനോദ് കുമാർ
ഒറ്റപാലം: സമ്മാനാർഹമായ ടിക്കറ്റെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ലോട്ടറി ടിക്കറ്റ് നൽകി വയോധികനായ ലോട്ടറി വിൽപനക്കാരനിൽനിന്നും ലോട്ടറി ടിക്കറ്റുകളും പണവും ഉൾപ്പടെ 3,950 രൂപ തട്ടിയെടുത്തതായി പരാതി. കുളപ്പുള്ളിയിൽ വാടകക്ക് താമസിക്കുന്ന എ.കെ. വിനോദ് കുമാർ (60) ആണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞദിവസം രാവിലെ 10ഓടെ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസിന് സമീപം പാതയോരത്തുനടന്ന ഇടപാടിലാണ് ഇദ്ദേഹം തട്ടിപ്പിന് ഇരയായത്.
ലോട്ടറി ടിക്കറ്റ് നടന്നു വിൽപന നടത്തുന്ന വിനോദ് കുമാറിനെ സ്കൂട്ടിയിൽ എത്തിയ ഒരാൾ സമീപിച്ച് 500 രൂപ വീതം സമ്മാനമുള്ള 12 ടിക്കറ്റുകളുണ്ടെന്നും മാറ്റിതരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇത്രയും തുകക്കുള്ള ടിക്കറ്റോ പണമോ കൈവശമില്ലെന്ന് വിനോദ് കുമാർ അറിയിച്ചെങ്കിലും എട്ട് ടിക്കറ്റുകൾ എടുത്ത് ബദലായി പുതിയ ടിക്കറ്റുകൾ അയാൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് 500 രൂപ വിലക്കുള്ള അഞ്ച് ഓണം ബംബർ ടിക്കറ്റുകളും 1100 രൂപ വിലവരുന്ന 24 ടിക്കറ്റുകളും നൽകി. കൂടാതെ റൊക്കം പണമായി ആവശ്യപ്പെട്ട 350 രൂപയും വന്നയാൾക്ക് നൽകി.
തുടർന്ന് മറ്റൊരാളെ സമീപിച്ച് ടിക്കറ്റ് പരിശോധന നടത്തിയപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. സ്മാർട്ട് ഫോൺ കൈവശമില്ലാത്തതിനാൽ ടിക്കറ്റ് പരിശോധിക്കാൻ കഴിഞ്ഞില്ലെന്ന് വിനോദ് കുമാർ പറയുന്നു. പ്രമേഹ രോഗികളായ ഇദ്ദേഹവും ഭാര്യയും ലോട്ടറി വിറ്റ് കിട്ടുന്ന തുച്ഛമായ ലാഭത്തിൽ നിന്നാണ് വീട്ടുവാടകയും മരുന്നും ജീവിത ചെലവുകളും ഒരുവിധം ഒപ്പിച്ചുവരുന്നത്. ഷൊർണൂർ പൊലീസിൽ പരാതി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.