വിപണികളിൽ ഇത് ഓഫറോണം
text_fieldsഒറ്റപ്പാലം: ഓണത്തോടനുബന്ധിച്ച് വിപണികളിൽ ഓഫറുകൾ പൊടിപൊടിക്കുന്നു. ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങൾ ഓഫർ വിളംബരവുമായി വിപണികളിൽ മത്സരിക്കുന്ന കാഴ്ച ഓണക്കാലത്ത് പുതുമയല്ലാതായി. ഓഫർ ഇല്ലെങ്കിൽ വ്യാപാരം നടക്കില്ലെന്ന നിലയിലേക്ക് ഓണക്കച്ചവടത്തിന്റെ നിർവചനം മാറി മറിഞ്ഞതോടെ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് ഇത് ബാധകമായി.
അമ്പത് ശതമാനത്തിന് മുകളിൽ വിലക്കുറവും ഒന്നെടുത്താൽ മറ്റൊന്ന് സൗജന്യവും ഓരോ പർച്ചയ്സിന് ഉറപ്പായ സമ്മാനങ്ങളും സാധനങ്ങൾ വാങ്ങുന്നതിനായി പലിശ രഹിത വായ്പ സൗകര്യങ്ങളും മൊത്തം വീട്ടുപകരണങ്ങൾക്ക് വില നിശ്ചയിച്ച വിവിധ പാക്കേജുകളും മാത്രമല്ല സൗജന്യ വിദേശ യാത്ര വരെ ഓഫർ പട്ടികയിലുണ്ട്. അഞ്ച് പവനും 1001 സമ്മാനങ്ങളും പദ്ധതിയുമായി ഇത്തവണ വ്യാപാരി വ്യവസായി ഏകോപന സമിതി ഒറ്റപ്പാലം യൂനിറ്റ് തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്.
ആദ്യകാലത്ത് വസ്ത്രവിപണികളിൽ തുടക്കം കുറിച്ച ഓഫർ ആനുകൂല്യം ക്രമേണ മറ്റുമേഖലകളിലേക്കും വ്യാപിക്കുകയാണുണ്ടായത്. വിലക്കുറവ് എന്ന പ്രഖ്യാപനത്തോടെയായിരുന്നു ആദ്യ കാലത്ത് തുടക്കം. ആരും ഏളുപ്പത്തിൽ വീണുപോകുന്ന മോഹിപ്പിക്കുന്ന പരസ്യ വാചകങ്ങളിലാണ് വിപണികളിലെ മത്സരം. നിത്യോപയോഗ സാധനങ്ങൾക്ക് മാത്രമല്ല ഗൃഹോപകരണങ്ങളും ഫർണിച്ചറും ജ്വല്ലറികളും വാഹന നിർമാതാക്കളും ഓണക്കാലത്ത് ഇടപാടുകാരെ ആകർഷിക്കാനായി വിവിധ ആനുകൂല്യങ്ങളാണ് ഓണം സ്പെഷലായി പ്രഖ്യാപിച്ചിരിക്കുന്നത്.
വിപണികളിൽ വിലവർധനവ് ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കുന്ന ഓണക്കാലത്തിനായി കാത്തിരിക്കുന്നവരും ഏറെയുണ്ട്. അത്യാവശ്യ സാധനങ്ങൾ ഒഴിച്ചുള്ളവ വാങ്ങാൻ ഓണക്കാലം വരെ കാത്തിരിക്കുന്നതിന് പിന്നിൽ ഓഫറും വിലയിലെ ഇളവും മറ്റ് ആനുകൂല്യങ്ങളുമാണ്. ഇതുമൂലം കച്ചവട മാന്ദ്യം അനുഭവിക്കുന്നത് സ്വാഭാവികമായും ചെറുകിട വ്യാപാരികളാണ്. ഇതിനിടെ ഓണവും വിഷുവും ഭേദമില്ലാതെ അരങ്ങുവാഴുന്ന ഭീമൻ ഓൺലൈൻ വ്യാപാരസ്ഥാപനങ്ങളുടെ കടന്നുകയറ്റം കച്ചവടക്കാരെ തെല്ലൊന്നുമല്ല കുഴപ്പിക്കുന്നത്.
ഖാദി, കൈത്തറി സൊസൈറ്റികൾ, ഹാൻടെക്സ് പോലുള്ള സ്ഥാപനങ്ങളിൽ വിൽപന കാര്യമായി നടക്കുന്നത് ഓണക്കാലത്താണ്. ഓണക്കാലത്ത് പ്രഖ്യാപിക്കുന്ന 20 മുതൽ 30 ശതമാനം വരെയുള്ള സർക്കാർ റിബേറ്റിന്റെ ആനുകൂല്യത്തിലാണ് വിൽപന സാധ്യമാകുന്നത്. വൻകിട കച്ചവടക്കാർ മൊത്തമായി സാധനങ്ങൾ എടുക്കുമ്പോൾ ലഭിക്കുന്ന വിലക്കുറവാണ് റിബേറ്റ് അനുവദിക്കാൻ അവസരമാകുന്നതെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ ഓണം കഴിയുന്നതോടെ മാസങ്ങളോളം കച്ചവട മാന്ദ്യവും പതിവാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.