നഷ്ടമായ 50 ഫോണുകൾ വീണ്ടെടുത്ത് ഉടമകൾക്ക് കൈമാറി ഒറ്റപ്പാലം പൊലീസ്
text_fieldsഒറ്റപ്പാലം: കവർന്നതും നഷ്ടപ്പെട്ടതുമായ മൊബൈൽ ഫോണുകൾ തേടിപ്പിടിച്ച് കണ്ടെത്തി ഉടമകൾക്ക് കൈമാറി കൈയടി നേടി ഒറ്റപ്പാലം പൊലീസ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉടമകൾക്ക് നഷ്ടമായ ലക്ഷങ്ങൾ വിലവരുന്ന ഐ ഫോണുകൾ ഉൾപ്പടെ 50 മൊബൈൽ ഫോണുകളാണ് അന്വേഷണത്തിലൂടെ കണ്ടെത്തി വീണ്ടെടുത്തത്.
ജില്ലയിലെ അമ്പലപ്പാറ, പത്തിരിപ്പാല, ഇതര സംസ്ഥാനങ്ങളായ ഒഡിഷ, ആന്ധ്ര, തമിഴ്നാട്, പോണ്ടിച്ചേരി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നാണ് ഫോണുകൾ വീണ്ടെടുത്തത്. ഇതിന് പുറമെ പോണ്ടിച്ചേരിയിലും സൗദിയിലും ഫോൺ ഉള്ളതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവ അടുത്ത ദിവസം സ്റ്റേഷനിൽ എത്തുമെന്ന് പൊലീസ് അറിയിച്ചു. ഫോൺ നഷ്ടപ്പെട്ട ഉടമകൾ നൽകിയ പരാതിയെ തുടർന്ന് സഞ്ചാർ സാഥി ആപ് വഴി രജിസ്റ്റർ ചെയ്തായിരുന്നു അന്വേഷണം. കൈമോശം വന്ന ഫോണുകളിൽ പുതിയ സിം ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
മൂന്ന് മാസം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ഇത്രയും ഫോണുകൾ ഉടമകൾക്ക് തിരികെ നൽകാൻ പൊലീസിന് കഴിഞ്ഞത്. ഒറ്റപ്പാലം സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഒറ്റപ്പാലം എസ്.ഐ ആർ. രാജേഷ് ഫോണുകൾ ഉടമകൾക്ക് കൈമാറി. ജോബി കുര്യാക്കോസാണ് ഫോണുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

